നരേന്ദ്ര മോദി ഒരു പ്രധാനമന്ത്രിയെ പോലെയല്ല പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞദിവസം ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് മോദി വിശേഷിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വ്യാഴാഴ്ച ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി രാഹുല്‍ ഗാന്ധി സംസാരിക്കാന്‍ മുതിര്‍ന്നതോടെയാണ് മോദി പരിഹസിച്ചു കൊണ്ട് പ്രതികരിച്ചത്. ‘ഞാന്‍ 30-40 മിനിറ്റുകള്‍ സംസാരിച്ചെങ്കിലും ചിലര്‍ ഇങ്ങനെയാണ്, ട്യൂബ് ലൈറ്റ് പോലെ കത്താന്‍ വൈകും.’ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. പ്രധാനമന്ത്രിയുടെ പ്രതികരണം കേട്ട ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു.
“സാധാരണ, പ്രധാനമന്ത്രിക്ക് ഒരു പ്രത്യേക പദവി ഉണ്ട്, ഒരു പ്രധാനമന്ത്രി പെരുമാറേണ്ട ചില പ്രത്യേക രീതികളുണ്ട്, ഒരു പ്രത്യേക ഔന്നത്യവുമുണ്ട്, പക്ഷേ നമ്മുടെ പ്രധാനമന്ത്രിക്ക് ഇവയൊന്നുമില്ല. ഒരു പ്രധാനമന്ത്രിയുടെ രീതിയിലല്ല അദ്ദേഹം പലപ്പോഴും പെരുമാറുന്നത്,” രാഹുല്‍ ഗാന്ധി പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്റെ മറുപടിക്കിടെയുണ്ടായ മോദിയുടെ ട്യൂബ് ലൈറ്റ് പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഞങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പാർലമെന്റിൽ സംസാരിക്കാൻ ഞങ്ങളെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.