പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഡിസ്കവറി ചാനല്‍ പരിപാടിയുടെ ടീസര്‍ ഇറങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പുല്‍വാമ ഭീകരാക്രമണ സമയത്ത് ചിത്രീകരിച്ച പരിപാടിയുടെ ഷൂട്ടിങ് വിവരങ്ങള്‍ പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അടുത്തമാസം 12ന് രാത്രി 9 മണിക്കാണ് പരിപാടിയുടെ പ്രക്ഷേപണം.
ഡിസ്കവറി ചാനലിലെ മാന്‍ വേഴ്സസ് വൈല്‍ഡ് എന്ന പ്രശസ്ത സാഹസിക ഷോയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. ഷോയുടെ അവതാരകനായ ബെയര്‍ ഗ്രില്‍സാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. കാലാവസ്ഥ വ്യതിയാനം, വന്യജീവി സംരക്ഷണം എന്നിവയിലെ ബോധവല്‍ക്കരണമാണ് ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് പാര്‍ക്കില്‍ ചിത്രീകരിച്ച പരിപാടിയുടെ ലക്ഷ്യമെന്നാണ് അവകാശപ്പെടുന്നത്.
എന്നാല്‍ ഫെബ്രുവരി പതിനാലിന് പുല്‍വാമ ഭീകരാക്രമണം നടന്നതായറിഞ്ഞിട്ടും ചിത്രീകരിച്ച പരിപാടിയാണിതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പരിപാടിയുടെ ചിത്രീകരണം നടന്ന ദിവസങ്ങള്‍, മണിക്കൂറുകള്‍ എന്നിങ്ങനെ പൂര്‍ണ വിവരം പുറത്തുവിടണമെന്നാണ് ആവശ്യം. ആക്രമണവിവരം അറിഞ്ഞ ശേഷവും പ്രധാനമന്ത്രിക്ക് എങ്ങിനെ ചിരിച്ചുകൊണ്ട് അഭിനയിക്കാനായി എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. ആഗസ്റ്റ് 12 രാത്രി 9 മണിക്ക് 180 രാജ്യങ്ങളിൽ ഡിസ്കവറി പരിപാടി പ്രക്ഷേപണം ചെയ്യും.