ജി-20 ഉച്ചകോടിക്കായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കാനുള്ള നടപടികള്‍ ചര്‍ച്ചയായി. ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റുമായും മോദി കൂടിക്കാഴ്ച നടത്തും.
നാളെയും മറ്റന്നാളുമായി ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായാണ് നരേന്ദ്രമോദിയും ഷിന്‍സോ ആബെയും കൂടിക്കാഴ്ച നടത്തിയത്. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര തര്‍ക്കത്തിന് പരിഹാരം തേടേണ്ടതുണ്ടെന്ന് ആബെ മോദിയോട് ആവശ്യപ്പെട്ടു. കൂടാതെ ആഗോള സമ്പത് വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി.ഇന്ത്യ- ജപ്പാന്‍ ബന്ധം കൂടുതല്‍ ശക്തമാക്കാനും വിവിധ മേഖലകളിലെ സഹകരണവും ഇരുനേതാക്കളും അഭ്യര്‍ഥിച്ചു.
ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. അതിനിടെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തുടര്‍ച്ചയായി തീരുവ കൂട്ടുന്നതിനെതിരെ ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഈ നടപടി അംഗീകരിക്കാനാകില്ലെന്നാണ് ട്രംപിന്റെ നിലപാട്. തീരുവ വര്‍ധനവ് ഇന്ത്യ പിന്‍വലിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയില്‍ ഇക്കാര്യവും ചര്‍ച്ചയായേക്കും. ജപ്പാനിലെത്തിയ മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു.