India National

മോദി പ്രഖ്യാപിച്ചത് ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കോവിഡ് പാക്കേജ്; പക്ഷേ ഇത്രയും പണം എവിടെ നിന്ന്?

20 ലക്ഷം കോടിയുടെ ബൃഹത്തായ പാക്കേജിനുള്ള പണം കണ്ടെത്തുക എളുപ്പമല്ലെങ്കിലും ഇത് സാധ്യമാണെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി നല്‍കിയത്.

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കോവിഡ് പാക്കേജുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. എന്നാല്‍ ഇത്രയും പണം രാജ്യം എവിടെ നിന്നും കണ്ടെത്തുന്ന ചോദ്യത്തിന് മോദിയുടെ പ്രസംഗത്തിലെവിടെയും ഉത്തരമുണ്ടായിരുന്നില്ല. ഭൂമി, തൊഴില്‍, പണലഭ്യത, വായ്പ മുതലായ മേഖലകളില്‍ സമഗ്രമായ ഉത്തേജനം ലക്ഷ്യമിടുന്ന പാക്കേജ് സാമ്പത്തിക മേഖലയില്‍ കുതിച്ചു ചാട്ടമുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചത്.

പ്രതീക്ഷിച്ച മിക്ക പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി അടുത്ത ഒരു അറിയിപ്പുണ്ടാകുന്നതു വരെ മാറ്റിവെക്കുകയാണ് ചെയ്തത്. അതിഥി തൊഴിലാളികളുടെ പലായനം, സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം, ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കുക മുതലായ വിഷയങ്ങളില്‍ മോദി നിലപാട് വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഉയര്‍ന്ന ആവശ്യങ്ങളുടെ വെളിച്ചത്തിലാണ് നിയന്ത്രണങ്ങളോടു കൂടിയാണെങ്കിലും ലോക്ക്ഡൗണ്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടതെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഇത്തവണ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കും. റിസര്‍വ് ബാങ്കില്‍ നിന്നുള്ള കരുതല്‍ പണമടക്കം പൊതുഖജനാവിലേക്കെടുത്ത് മുന്നോട്ടു പോകുന്ന രാജ്യത്ത് 20 ലക്ഷം കോടിയുടെ ബൃഹത്തായ പാക്കേജിനുള്ള പണം കണ്ടെത്തുക എളുപ്പമല്ലെങ്കിലും ഇത് സാധ്യമാണെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി നല്‍കിയത്.

കടം വാങ്ങുന്നതോടൊപ്പം റിസര്‍വ് ബാങ്ക് കൂടുതല്‍ പണം പുറത്തിറക്കാനുള്ള സാധ്യതയിലേക്കു കൂടിയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം വിരല്‍ ചൂണ്ടുന്നത്. സാമ്പത്തിക മേഖലയില്‍ ഇതുണ്ടാക്കുന്ന ആഘാതം മറികടക്കണമെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാര്‍ഷിക, ഉല്‍പ്പാദന, നിര്‍മ്മാണ മേഖലകളില്‍ നിലവിലുള്ളതിന്റെ പതിന്‍മടങ്ങ് ഇന്ത്യ മുന്നോട്ടു പോകേണ്ടി വരും. മേക്ക് ഇന്‍ ഇന്ത്യ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യ കേട്ടുവരുന്ന കാര്യങ്ങള്‍ തന്നെയാണ് സ്വയം പര്യാപ്തത എന്ന പുതിയ മുദ്രാവാക്യത്തിലൂടെ മോദി മുന്നോട്ടു വെച്ചതെന്നാണ് വ്യക്തമാകുന്നത്.

അതിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സ്വാഗതാർഹമെന്ന് ധനമന്ത്രി മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള സഹായത്തെ കുറിച്ച് പറയാത്തത് പ്രതിഷേധാര്‍ഹമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അധികമായി ഒരു തുകയും നല്‍കിയിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.