India National

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. 22 വയസ്സുകാരനായ ഗുണ പ്രധാന്‍ ആണ് മരിച്ചത്. പരദിപില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം

നയാഗഡ് ജില്ലയിലെ റാന്‍പുര്‍ സ്വദേശിയാണ് മരിച്ച യുവാവ്. ട്രക്ക് ഉടമകളുടെ സംഘടന നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണ ജോലികള്‍ക്കാണ് യുവാവ് വന്നത്. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച ശേഷം കിടന്നുറങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. മുറിയില്‍ നിന്ന് പുക ഉയരുന്നതുകണ്ടാണ് പോയിനോക്കിയതെന്നും അവര്‍ പറഞ്ഞു. പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി എസ്.പി പ്രകാശ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. സ്ഥലത്ത് ശാസ്ത്രീയ പരിശോധനയും നടത്തി. റിപ്പോര്‍ട്ട് വന്ന ശേഷമേ മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് സ്ഥിരീകരിക്കാനാവൂ എന്നും എസ്.പി പറഞ്ഞു.