ശമ്പളം ചോദിച്ചതിന് ഉത്തര്‍പ്രദേശില്‍ യുവതിക്ക് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. ഉത്തര്‍ പ്രദേശിലെ ഗ്രെയ്റ്റര്‍ നോയിഡയിലാണ് ഒരു കൂട്ടം ഗുണ്ടാസംഘം യുവതിയെ ക്രൂരമായി തല്ലിചതച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
സ്വകാര്യ ബ്യൂട്ടിസലൂണില്‍ ജോലി ചെയ്യുന്ന യുവതിക്ക് മാസത്തില്‍ 17000 രൂപയാണ് വേതനമായി നല്‍കാമെന്നേറ്റിരുന്നത്. മാസാവസാനം തരാമെന്നേറ്റ ശമ്പളം സലൂണ്‍ ഉടമയോട് ചോദിച്ചതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ലൈംഗികമായി തന്നെ ആക്രമിക്കാനും ഉടമയും സംഘവും ശ്രമിച്ചതായും യുവതി പൊലീസിന് നല്‍കിയ പരാതിയിലുണ്ട്. സംഭവത്തില്‍ ഭയപ്പെട്ട യുവതി പൊലീസ് സംരക്ഷണം നല്‍കാനും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ കേസ് രേഖപ്പെടുത്തിയതായും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് ഓഫീസര്‍ വിനീത് ജ്വൈസാള്‍ പറഞ്ഞു.