India

ജനറല്‍ എം.എം നരവനെ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി

കരസേനാ മേധാവി ജനറല്‍ എംഎം നരവനെ (മനോജ് മുകുന്ദ് നരവനെ) ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയായി നിയമിച്ചു. മൂന്ന് സേനകളും തമ്മിലുള്ള ഏകോപനമാണ് ചീഫ് ഓഫ് കമ്മിറ്റിയുടെ ചുമതല. സംയുക്ത സേനാ മേധാവിയായി നരവനെയെ നിയമിക്കുന്ന നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് സൂചന.

നേരത്തെ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ജനറല്‍ ബിപിന്‍ റാവത്ത് ആയിരുന്നു. അതിനുശേഷമാണ് സംയുക്ത സൈനിക മേധാവി പദവി വരുന്നത്. നരവനെ ഇന്ന് തന്നെ ചുമതലയേറ്റെടുക്കുമെന്നാണ് വിവരം. നിലവിലെ സേനാ മേധാവികളില്‍ എം.എം നരവനെയാണ് ഏറ്റവും സീനിയര്‍.

1980 ലാണ് ഇന്ത്യന്‍ ആര്‍മിയിലേക്ക് ജനറല്‍ നരവനെയുടെ കടന്നുവരവ്. അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി 2019 ഡിസംബര്‍ 31ന് നരവനെ കരസേനാ മേധാവിയായി ചുമതലയേറ്റെടുത്തു. 2022 ഏപ്രില്‍ വരെയാണ് കരസേനാ മേധാവിയായുള്ള കാലാവധി. കരസേന മേധാവി പദവിയിലെത്തുന്നതിന് മുന്‍പ് കരസേനയുടെ 40ാം ഉപമേധാവി പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. സൈനിക കാര്യങ്ങളില്‍ പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവായും തെരഞ്ഞെടുക്കപ്പെടുന്ന സിഡിഎസ് പ്രവര്‍ത്തിക്കണം.