മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന അജിത് പവാറിനെതിരെ ഗുരുതര ആരോപണവുമായി എന്‍.സി.പി നേതാവ് നവാബ് മാലിക്. എന്‍.സി.പി എം.എല്‍.എമാരുടെ ഒപ്പുകള്‍ ദുരുപയോഗം ചെയ്താണ് അജിത് പവാര്‍ ഗവര്‍ണര്‍ക്ക് രേഖകള്‍ കൈമാറിയതെന്ന് മാലിക് പറഞ്ഞു.
എം.എല്‍.എമാരുടെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ചേര്‍ത്തിയിരുന്ന ഒപ്പ് ദുരുപയോഗം ചെയ്യുകയാണ് അജിത് പവാര്‍ ചെയ്തത്. ഒപ്പുകളടങ്ങിയ കടലാസ് കെെവശം വെച്ചിരുന്നത് അജിത് പവാറാണ്. സത്യപ്രതിജ്ഞക്കായി എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണറെ ബോധിപ്പിക്കാന്‍ ഈ ഒപ്പ് ഉപയോഗിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമാന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി.
105 സീറ്റാണ് ബി.ജെ.പിക്ക് നിയമസഭയിലുള്ളത്. എന്‍.സി.പിക്കുള്ളത് 54 സീറ്റുകളാണ്. എന്നാല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനം എന്‍.സി.പിയുടേതല്ലെന്നും, അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും എന്‍.സി.പി തലവന്‍ ശരത് പവാര്‍ അറിയിച്ചു. 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും, ശിവസേന – എന്‍.സി.പി – കോണ്‍ഗ്രസ് സഖ്യം തന്നെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ശരത് പവാര്‍ പറഞ്ഞു.