India

മിസോറാം കല്ല് ക്വാറി അപകടം; 8 തൊഴിലാളികൾ മരിച്ചു, 4 പേർക്കായി തെരച്ചിൽ

മിസോറാമിലെ കല്ല് ക്വാറി തകർന്നുണ്ടായ അപകടത്തിൽ മരിച്ച എട്ട് കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കുടുങ്ങിക്കിടക്കുന്ന മറ്റ് നാല് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ചയാണ് മിസോറാമിൽ ഒരു കല്ല് ക്വാറി തകർന്ന് ഒരു ഡസനോളം തൊഴിലാളികൾ കുടുങ്ങിയത്.

‘പോസ്റ്റ്‌മോർട്ടത്തിന് ശേഷമായിരിക്കും മൃതദേഹങ്ങൾ തിരിച്ചറിയുക. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്, കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തുടരും’ – ദേശീയ ദുരന്ത നിവാരണ സേന പ്രസ്താവനയിൽ പറഞ്ഞു. എബിസിഐ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിലെ തൊഴിലാളികൾ ആണ് കുടുങ്ങിയത്. ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കല്ല് ക്വാറി തകരുകയായിരുന്നു.

തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ സംസ്ഥാന ദുരന്ത നിവാരണ സേന, അതിർത്തി സുരക്ഷാ സേന, അസം റൈഫിൾസ് എന്നിവരെയും വിളിച്ചിട്ടുണ്ട്. ലീറ്റ് വില്ലേജിൽ നിന്നും ഹ്നഹ്തിയാൽ ടൗണിൽ നിന്നുമുള്ള സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. തൊഴിലാളികളും അഞ്ച് ഹിറ്റാച്ചി എക്‌സ്‌കവേറ്ററുകളും മറ്റ് ഡ്രില്ലിംഗ് മെഷീനുകളും മണ്ണിൽ പുതഞ്ഞ് കിടക്കുന്നതായി വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.