കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കാനൊരുങ്ങി മിസോറാം. ഇതുവരെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഇന്ത്യന്‍ സംസ്ഥാനമാണ് മിസോറാം. എന്നാല്‍ കോവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെയും, മതനേതാക്കളുടെയും എന്‍.ജി.ഓകളുടെയും യോഗം വിളിച്ചിരുന്നു സര്‍ക്കാര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പതിനെട്ട് വയസിന് താഴെയുള്ള 295 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ രണ്ട് വയസിനും താഴെയുള്ളവരാണ്. ഒക്ടോബര്‍ പതിനെട്ട് മുതല്‍ തലസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് ബാധിതരില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെട്ടതോടെ ഇടക്കാലത്ത് തുറന്ന സ്‌കൂളുകള്‍ വീണ്ടും അടച്ചു.
കൂടുതല്‍ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി സൊറാംധങ്ക അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല്‍പത്തിയാറ് പുതിയ കോവിഡ് കേസുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ ആകെ കോവിഡ് കേസുകള്‍ 2,493 ആയി.