കാർഷിക നിയമങ്ങൾക്കെതിരെ നടത്തിയ ഭാരത് ബന്ദിനോട് സംസ്ഥാനങ്ങൾക്ക് സമ്മിശ്രപ്രതികരണം. കർഷകരുടെ ഉപരോധം ഡൽഹി , പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ റോഡ് – റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. രാവിലെ ആറ് മണിയോടെ കർഷകർ വിവിധ സംസ്ഥാനങ്ങളിൽ ഉപരോധം തുടങ്ങി.
ഡൽഹി -മീററ്റ് ദേശീയപാത , കെഎംപി എക്സ്പ്രസ് ഹൈവേ എന്നിവിടങ്ങളിൽ കർഷകരുടെ റോഡ് ഉപരോധം പൂർണ്ണമായിരുന്നു. ഇതേതുടർന്ന് ഡൽഹി നഗരത്തിലേക്കുള്ള ഗതാഗത കുരുക്ക് രൂക്ഷമായി. കർഷകർ പഞ്ചാബ്, ഹരിയാന, ബംഗാൾ, മഹാരാഷ്ട്ര,യുപി, ഒഡീഷ സംസ്ഥാനങ്ങളിലെ ദേശീയ പാതകൾ ഉപരോധിച്ചു. പ്രതിപക്ഷ പാർട്ടികളടക്കം നിരവധി സംഘടനകൾ കർഷകർക്ക് പിന്തുണ അറിയിച്ചു.
ഡൽഹി ജന്ദർ മന്ദിറിൽ ഇടത് തൊഴിലാളി സംഘടനകൾ മാർച്ച് നടത്തി. പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മായാവതി എന്നിവരും കർഷകർക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തി.
അതേസമയം കർഷകർ പ്രതിഷേധം നിർത്തി ചർച്ചയ്ക്ക് വരണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ആവശ്യപ്പെട്ടു.
ഭാരത് ബന്ദ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് അഭിപ്രായപ്പെട്ടു. തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും ടികായത് പറഞ്ഞു. പ്രതിഷേധങ്ങളിൽ നിന്നും തങ്ങൾ പിന്മാറില്ല. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കർഷകർ കഴിഞ്ഞ ഒരു വർഷക്കാലമായി കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.