കാണാതായി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിയായ നജീബിനെ കണ്ടെത്താനായിട്ടില്ല . നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി അരുദ്ധതി റോയ്, കവിത ലങ്കേഷ് എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
നജീബിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള സമരത്തിന് കൂടിയാണ് മൂന്ന് വയസ് പിന്നീടുന്നത്. നിരവധി പ്രക്ഷോഭം നടത്തിയിട്ടും നജീബിനെ കണ്ടെത്താനുള്ള സി.ബി.ഐ അന്വേഷണവും എങ്ങുമെത്താത്ത അവസാനിച്ചു. 2016ല്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിന് ശേഷമാണ് നജീബിനെ കാണാതാകുന്നത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഒരു തരം രോഗമാണെന്നും ഫാസിസ്റ്റ് ശക്തികള്‍ക്ക് വിജയിക്കാന്‍ കഴിയില്ലെങ്കിലും അന്വേഷണ ഏജന്‍സികളെയും മാധ്യമങ്ങളെയും ഫാസിസ്റ്റ് ശക്തികള്‍ നശിപ്പിച്ച്കൊണ്ടിരിക്കുകയാണെന്ന് പരിപാടിയില്‍ അരുദ്ധതി റോയ് പറഞ്ഞു.
നജീബിനെ കണ്ടെത്തുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് പറഞ്ഞു. നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് , കവിത ലങ്കേഷ്, ഡാനിഷ് അലി, പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവരും പങ്കെടുത്തു.