അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം. തെരച്ചിലില്‍ ഐ.എസ്.ആര്‍.ഒയും പങ്കുചേര്‍ന്നു. വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബാഗങ്ങളെ വിവരമറിയിച്ചതായി വ്യോമസേന ട്വീറ്റ് ചെയ്തു. തെരച്ചില്‍ 24 മണിക്കൂര്‍ പിന്നിട്ടിട്ടും കാണാതായ വ്യോമ സേന വിമാനം ആന്റണോവ് എന്‍ എന്‍ 32 കണ്ടെത്താനായില്ല.
ഐ.എസ്.ആര്‍.ഒ അടക്കം പങ്കുചേര്‍ന്ന് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. എം.ഐ 17 എസ്, എഎല്‍എച്ച്, പി8ഐ, സുഖോയ്-30, സി-30 എന്നീ വിമാനങ്ങളുപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന 8 വ്യോമസേന അംഗങ്ങള്‍ അടക്കം 13 പേരുടെ കുടുംബാംഗങ്ങളെ വ്യോമ സേന വിവരം അറിയിച്ചു. അസമിലെ ജോർഹതിൽ നിന്നും അരുണാചൽ പ്രദേശിലെ മചുകയിലേക്ക് പോകുകയായിരുന്നു വിമാനം. ചൈന അതിർത്തിയുടെ സമീപമാണ് മചുക. ജോർഹതിൽനിന്നും ഇന്നല ഉച്ചക്ക് 12.25ന് പറന്നുയർന്ന വിമാനത്തിൽ നിന്നും ഒരുമണിക്കാണ് അവസാന സന്ദേശം ലഭിച്ചത്.എയർമാർഷൽ രാകേഷ് സിങ്ങുമായി ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.