മിസൈല്‍ ഉപയോഗിച്ച് വ്യോമസേന ഹെലികോപ്ടര്‍ തകര്‍ത്ത സംഭവത്തില്‍ ആറ് വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ട് പേരെ കോര്‍ട്ട് മാര്‍ഷലിനും നാല് പേരെ അച്ചടക്ക നടപടിക്കും വിധേയരാക്കും. ഫെബ്രുവരി 27നാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്.
മിസൈല്‍ ഉതിര്‍ത്ത് ഹെലികോപ്ടര്‍ തകര്‍ത്ത നടപടി വന്‍ വീഴ്ചയാണെന്നും ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ആഴ്ച വ്യോമ സേന മേധാവി എയര്‍മാര്‍ഷല്‍ രാകേഷ് കുമാര്‍ സിങ് ദദൌരിയ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ആറ് പേര്‍ക്കെതിരായ നടപടി. ഗ്രൂപ്പ് കാപ്റ്റണ്‍, വിങ് കമാന്‍ഡര്‍ എന്നിവരെ കോര്‍ട്ട് മാര്‍ഷലിന് വിധേയരാക്കും. രണ്ട് എയര്‍ കമാന്റോസ്, രണ്ട് ഫ്ലൈറ്റ് ലഫ്റ്റണന്‍റ്സ് എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുമാണ് തീരുമാനം. ബാലകോട്ട് ആക്രമണത്തിന് പിന്നാലെ അതിർത്തി മേഖലയിൽ സംഘർഷം നിലനിൽക്കെ ഫെബ്രുവരി 27നായിരുന്നു സംഭവം.
ശ്രീനഗറിലെ ബദ്ഗാമില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ റഷ്യന്‍ നിര്‍മ്മിത ഹെലികോപ്ടർ MI 17- V5 തകര്‍ന്നു വീണു. ആറ് ഉദ്യോഗസ്ഥരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. പാകിസ്താന്‍റേതാണെന്നാണ് തെറ്റിദ്ധരിച്ച് മിസൈല്‍ ഉതിര്‍ത്ത് വ്യോമസേന ഉദ്യോഗസ്ഥര്‍ ഹെലികോപ്ടര്‍ തകര്‍ക്കുകയായികുന്നു എന്ന് പിന്നീട് കണ്ടെത്തി