വിവാദ കർഷക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലുറച്ചു കേന്ദ്ര സർക്കാർ. പുതിയ കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകര്‍ക്ക് എതിര്‍പ്പുള്ള കാര്യങ്ങളെപ്പറ്റി തുറന്ന മനസോടെ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. എന്നാല്‍, പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ പുതിയ നിയമം കർഷകർക്കു ഗുണകരമാണെന്നും അദ്ദേഹം ആവർത്തിച്ചു. പുതിയ നിയമങ്ങൾ താങ്ങുവിലയെയോ എ.പി.എം.സി ആക്ടിനെയോ ബാധിക്കില്ലെന്നും തോമർ കർഷകർക്ക് ഉറപ്പുനൽകി. കേന്ദ്രത്തിന്റെ കരട് നിർദേശങ്ങൾ കർഷകർ ഇന്നലെ തള്ളിയിരുന്നു.
“മണ്ഡി സംവിധാനത്തിൽനിന്ന് സ്വതന്ത്രരായി തങ്ങളുടെ ഉത്പന്നങ്ങൾ പുറത്തെ വിപണിയിലേക്കു വിൽക്കാൻ കർഷകരെ പ്രാപ്തരാക്കുന്ന നിയമമാണ് പാസാക്കിയത്. കർഷകരുടെ നിലം വ്യവസായികൾ കൈക്കലാക്കുമെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കാലങ്ങളായി കരാർ കൃഷികൾ നടന്നുവരുന്നു. എന്നാൽ ഒരിടത്തും അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല. കര്‍ഷകരും ഉത്പന്നങ്ങള്‍ സംസ്‌കരിക്കുന്നവരും തമ്മിലുണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ കൃഷിഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്‌കരണം നടത്തുന്നവര്‍ക്ക് സാധിക്കും. എന്നാല്‍ കരാറിന്റെ കാലാവധി കഴിയുന്നതോടെ അടിസ്ഥാന സൗകര്യങ്ങള്‍ അവര്‍ കൃഷിഭൂമിയില്‍നിന്ന് നീക്കണം. അവ നീക്കം ചെയ്യാന്‍ തയ്യാറാകാത്തപക്ഷം കര്‍ഷകരെ സഹായിക്കാനുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ട്.” കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു.