കേന്ദ്ര തൊഴില്‍ നിയമത്തില്‍ നിര്‍ണായകമായ ഭേദഗതികള്‍ക്ക് ഇന്ന് നടക്കുന്ന കാബിനറ്റ് യോഗം അംഗീകാരം നല്‍കിയേക്കും. 2018ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിച്ച മിനിമം വേതന ബില്‍ ആണ് രാജ്യം ഉറ്റുനോക്കുന്ന ഭേദഗതികളില്‍ പ്രധാനം. 2017ല്‍ അവതരിപ്പിച്ച ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞിരുന്നില്ല. അതേസമയം ആസന്നമായ ബജറ്റിനു മുന്നോടിയായി മിനിമം വേതനത്തിന്റെ കാര്യത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കിയെടുക്കുന്നതിന് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ഇന്ന് വൈകിട്ട് യോഗം ചേരുന്നുണ്ട്.
ലോക്‌സഭയില്‍ പാസായതിനു ശേഷമാണ് മിനിമം വേതന ബില്‍ രാജ്യസഭ പാര്‍ലമെന്റിന്റെ വിദഗ്ധ സമിതിയുടെ പരിഗണനയിലേക്ക് ശിപാര്‍ശ ചെയ്തത്. പിന്നീട് സഭയുടെ കാലാവധിക്കകം വീണ്ടും സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതിലൂടെ ബില്‍ പാഴാവുകയായിരുന്നു. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ രാജ്യത്തുടനീളം മിനിമം കൂലി ഉറപ്പു വരുത്തുന്നു എന്നതാണ് ബില്ലിന്റെ പ്രത്യേകത. ഓരോ അഞ്ചു വര്‍ഷത്തിലും മിനിമം കൂലി പുതുക്കി നിശ്ചയിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
രാജ്യത്തിന്റെ വ്യത്യസ്ത മേഖലകള്‍ക്കു ബാധകമായ മിനിമം കൂലിയുടെ പരിധികള്‍ ബില്ലിലൂടെ പ്രത്യേകം നിശ്ചയിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി വിഭാവനം ചെയ്യുന്നതിനേക്കാളും കുറഞ്ഞ തുകയാണ് ചില മേഖലകളില്‍ സര്‍ക്കാര്‍ മുന്നോട്ടു വെച്ചതെന്നും ഇത് തിരുത്തണമെന്നുമാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. ഏറ്റവും ചുരുങ്ങിയത് 18,000 രൂപയാണ് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്ന മാസ വരുമാനം.
സര്‍ക്കാര്‍ അംഗീകരിച്ച മേഖലകള്‍ക്ക് പുറത്തുള്ള സംഘടിതവും അസംഘടിതവുമായ എല്ലാ തൊഴിലാളികളെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് ഗുണം ചെയ്യുമെങ്കിലും മിനിമം കൂലി തീര്‍ത്തും താഴേക്കു പോയേക്കുമോ എന്ന ആശങ്കയാണ് ഇന്ന് ഐ.എന്‍.ടി.യു.സി ഭവനില്‍ യോഗം ചേരുന്ന തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തുന്നത്.