ബിഹാറിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കോടിപതികളും കുറ്റവാളികളും നിരവധി. ആയിരത്തിലധികം സ്ഥാനാർഥികളിൽ 375 കോടിപതികളുണ്ട്. 31 % പേർ വിവിധ കേസുകളിൽ പ്രതികളാണ്. 23% പേർ ഗുരുതരമായ കേസിൽ ഉൾപ്പെട്ടവരുമാണ്. സമ്പന്നരിലും കുറ്റവാളികളിലും ആർ. ജെ.ഡിയാണ് മുന്നിൽ.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തെയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. 1064 സ്ഥാനാർഥികളിൽ 375 പേർ അതായത് 35% പേരും കോടിപതികളാണ്. കൂടുതലും ആർ.ജെ.ഡിയിലാണ്. 41 സ്ഥാനാർഥികളിൽ 39 പേരും എന്നു വച്ചാൽ 95% വും അതിസമ്പന്നർ. രണ്ടാം സ്ഥാനത്ത് ജനതാദൾ യുണൈറ്റഡാണ് – 38 സ്ഥാനാർഥികളിൽ 31 പേർ. 89 ശതമാനം. ബി.ജെ.പിയിൽ 29 സ്ഥാനാർഥികളിൽ 24 പേരും കോടീശ്വരർ.
മൊത്തം 1064 സ്ഥാനാർഥികളിൽ 328 പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. 31% ശതമാനമാണിത്.23% പേർ ഗുരുതരമായ ക്രിമിനൽ കേസുകളിൽ പെട്ടവരാണ്. 83 സ്ഥാനാർഥികൾ, കൊലപാതകം, കൊലപാതകശ്രമം എന്നിവയിൽ പ്രതികളാണ്. ബലാത്സംഗ കേസിൽ ഉൾപ്പെട്ടവർ – 3 പേർ. 26 സ്ഥാനാർഥികൾ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്.
രാഷ്ട്രീയ ജനതാദളിന്‍റെ സ്ഥാനാർഥികളിലാണ് ഏറ്റവും കൂടുതൽ കുറ്റവാളികൾ ഉള്ളത്.40-ൽ 30 പേർ. അതായത് 73%. തൊട്ടടുത്ത് ബി.ജെ.പിയാണ് -29 സ്ഥാനാർഥികളിൽ 21 പേർ. ഗുരുതരമായ ക്രിമിനൽ കേസുള്ളവർ കൂടുതൽ ആർ.ജെ.ഡി യിലാണ്. 41 സ്ഥാനാർഥികളിൽ 22 പേർ – അതായത് 54 %. തൊട്ടടുത്ത് എൽ.ജെ.പിയാണ് 41 സ്ഥാനാർഥികളിൽ 20 പേർ. ബി.എസ്-പി. ഒഴികെ മറ്റെല്ലാ കക്ഷികളിലും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട സ്ഥാനാർഥികൾ 40 ശതമാനത്തിലധികമുണ്ട്.