വടക്കേ ഇന്ത്യ തണുത്ത് വിറച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ഈ കൊടും തണുപ്പിലാണ് ഹൃദയം തൊടുന്ന വാര്‍ത്ത ഉത്തര്‍പ്രദേശിലെ മുസഫർ നഗറില്‍ നിന്നും പുറത്ത് വരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് അംബേദ്കറുടെ പ്രതിമയെ പുതപ്പിക്കുകയും ശേഷം അംബേദ്കര്‍ക്ക് തണുപ്പനുഭവപ്പെടാതിരിക്കാന് പ്രതിമക്കരികെ തീകൂട്ടുകയും ചെയ്തത്. മുസഫർ നഗറിലെ ഖതൗലി പ്രദേശത്ത് ശനിയാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. രാവിലെ അസാധാരണമായ രീതിയില്‍ പ്രതിമ കണ്ട നാട്ടുകാര്‍ പിന്നീട് പൊലീസിനെ അറിയിക്കുകയും സംഭവത്തിന് പിന്നില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് ബോധ്യപ്പെട്ടതോടെ വിട്ടയക്കുകയും ചെയ്തു.
താനിതെല്ലാം ചെയ്തത് കൊടും തണുപ്പിൽ നിന്നും അംബേദ്കര്‍ പ്രതിമയെ സംരക്ഷിക്കാനായിരുവെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു.