India National

ജമ്മു-കശ്മീര്‍ ജമാഅത്ത് നിരോധനം; പ്രതിഷേധ റാലിയുമായി മെഹ്ബൂബ മുഫ്തി

ജമ്മു – കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമിയെ അഞ്ച് വർഷത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. മേഖലയിലെ മിലിറ്റന്റ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി സംഘടനയെ നിരോധിച്ച തീരുമാനം പിൻവലിക്കണമെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദക്ഷിണ കശ്മീരിൽ പ്രതിഷേധ റാലി സംഘടിപ്പിച്ച മെഹ്ബൂബ മുഫ്തി, പൊലീസ് പിടിച്ച് കൊണ്ടുപോയ ജമാഅത്ത് പ്രവർത്തകരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. നിരോധനം നീക്കാത്ത പക്ഷം സമരം ശക്തമാക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജമാഅത്തിന്റെ ഓഫീസുകൾ സർക്കാർ സീൽ ചെയ്തു. നിരവധി ഇമാമുമാരെ പിടിച്ചുകൊണ്ട് പോയിട്ടുണ്ട്. 70ഉം 80ഉം വയസ്സുള്ളവരെ വരെ ജയിലിലടച്ചിരിക്കുകയാണ്. അഹ്‍ലെ ഹദീസ് അനുയായി‌‌കളേയും സർക്കാർ പിടിച്ച് കൊണ്ടുപോയിട്ടുണ്ട്. ഇവ്വധത്തില്‍ മേഖലയിൽ മസിൽ പവർ ഭരണം തുടരാൻ അനുവദിക്കില്ലെന്ന് പറഞ്ഞ മുഫ്തി, ജില്ലാ തലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പറഞ്ഞു.

നിരോധനം എന്തിനായിരുന്നു എന്ന് സർക്കാർ ബോധ്യപ്പെടുത്തേണ്ടതുണ്ട്. വയോധികരെ ഉൾപ്പടെയുള്ളവരെ ജയിലിലടച്ചും, ആളുകളെ കുറ്റമെന്താണെന്ന് പോലും പറയാതെ തെളിവുകളോന്നും കൂടാതെ അറസ്റ്റ് ചെയ്യുന്നതും എന്തടിസ്ഥാനത്തിലാണെന്നും അധികൃതർ ജനങ്ങളോട് പറയേണ്ടതുണ്ടെന്നും പി.ഡി.പി അദ്ധ്യക്ഷ പറഞ്ഞു.

മേഖലയിലെ മിലിറ്റന്റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം 28നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമിയെ നിരോധിക്കുന്നത്. നിരോധനത്തെ തുടർന്ന് നൂറ്റമ്പതിലേറെ നേതാക്കളെയും പ്രവർത്തകരേയുമാണ് കശ്മീരിൽ നിന്നും പിടിച്ചുകൊണ്ട് പോയിട്ടുള്ളത്.