India National

പ്രളയത്തില്‍ ആംബുലന്‍സിന് വഴികാട്ടിയായ ബാലന് ധീരതക്കുള്ള പുരസ്കാരം

പ്രളയജലം നിറഞ്ഞ റോഡില്‍ ആംബുലന്‍സിന് വഴികാട്ടിയായി ഓടിയ ബാലനെ ആരും മറക്കാനിടയില്ല. റോഡ് കാണാതെ പകച്ചുനിന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയായത് 12 കാരനായ വെങ്കിടേഷായിരുന്നു. അരയ്ക്കൊപ്പം ഉയര്‍ന്ന വെള്ളത്തിലൂടെ ആംബുലന്‍സിന് മുന്നില്‍ ഓടിയും നീന്തിയുമാണ് വെങ്കിടേഷ് ആംബുലന്‍സിന് പാതയൊരുക്കിയത്. കഴിഞ്ഞ വർഷം കർണാടകയിൽ നിന്ന് പുറത്തുവന്ന ഏറ്റവും ഹൃദയസ്പർശിയായ ദൃശ്യങ്ങളിലൊന്നായിരുന്നു ഇത്.

റായ്ചൂർ ജില്ലയിലെ ദേവദുർഗ താലൂക്കിലെ ഹിരേയനകുമ്പി ഗ്രാമവാസിയാണ് വെങ്കിടേഷ്. തന്റെ ജീവൻ പണയപ്പെടുത്തി വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആംബുലൻസിനെ നയിക്കാൻ പ്രളയജലം നിറഞ്ഞ പാലത്തിലൂടെ ഓടിയ ആറാം ക്ലാസ് വിദ്യാർഥി വെങ്കിടേഷിന് അന്ന് നവമാധ്യമങ്ങളിലൂടെ അഭിനന്ദന പ്രവാഹമായിരുന്നു ഒഴുകി എത്തിയത്. ഇപ്പോഴിതാ വെങ്കിടേഷിന്റെ ധീരതയെ രാജ്യം ആദരിക്കാന്‍ ഒരുങ്ങുകയാണ്. ദേശീയ ധീരതക്കുള്ള പുരസ്കാരം നല്‍കിയാണ് വെങ്കിടേഷിനെ രാജ്യം ആദരിക്കുക. ഇന്ത്യൻ കൗൺസിൽ ഓഫ് ചൈൽഡ് വെൽഫെയർ നാഷണൽ ബ്രേവറി അവാർഡ് 2019 ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വെങ്കിടേഷിന് സമ്മാനിക്കും. മെഡലും സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്കാരം.

കർണാടകയിലെ തൊഴിൽ വകുപ്പ് സെക്രട്ടറി പി മണിവന്നൻ ഐ‌.എ‌.എസാണ് വെങ്കിടേഷിന്റെ പേര് വനിതാ-ശിശു വികസന വകുപ്പിന് ധീരതക്കുള്ള അവാർഡിന് ശുപാർശ ചെയ്തത്. തന്റെ സുഹൃത്തുക്കളോടൊപ്പം കൃഷ്ണയുടെ തീരത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് വെങ്കിടേഷ് ആംബുലൻസ് കുടുങ്ങിയത് കാണുന്നത്. ഡ്രൈവർ റോഡ് കണ്ടെത്താൻ പാടുപെടുന്നതിനിടയിൽ വെങ്കിടേഷ് എത്തി അവനെ അനുഗമിക്കാൻ ആവശ്യപ്പെട്ടു. പാലത്തിന് കുറുകെ ഓടി അവന്‍ ആംബുലൻസിനെയും അതിലുണ്ടായിരുന്നവരെയും സുരക്ഷിത സ്ഥാനത്തേക്ക് നയിക്കുകയായിരുന്നു.