India National

മുലായത്തിന് വോട്ട് ചോദിച്ച് മായാവതി എത്തും

യു.പിയില്‍ മഹാസഖ്യത്തിന്‍റെ റാലിയില്‍ ചിരവൈരം മറന്ന് മുലായം സിംഗ് യാദവും മായാവതിയും ഇന്ന് ഒന്നിച്ച് പങ്കെടുക്കും. മതം പറഞ്ഞ് വോട്ട് ചോദിച്ചെന്ന് കണ്ടെത്തിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.എസ്.പി അധ്യക്ഷ മായാവതിക്ക് ഏര്‍പ്പെടുത്തിയ പ്രചാരണ വിലക്ക് ഇന്ന് രാവിലെ ആറ് മണിയോടെ അവസാനിച്ചു. ഈ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശിലെ മയിന്‍പുരിയില്‍ എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി സഖ്യത്തിന്‍റെ റാലിക്ക് മായാവതി എത്തുന്നത്. മയിന്‍ പുരില്‍ സഖ്യത്തിന്‍റെ സ്ഥാനാര്‍ഥി, സമാജ്‍വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവ് സാക്ഷാല്‍ മുലായം സിംഗ് യാദവ് ആണ്.

മുലായത്തിനായി വോട്ട് ചോദിച്ച് മായാവതി എത്തുമ്പോള്‍ അതിന് പ്രാധാന്യമേറെ. 1995ലെ എസ്.പി, ബി.എസ്.പി സഖ്യ തകര്‍ച്ചക്ക് ശേഷം മുഖത്തോട് മുഖം നോക്കിയിട്ടില്ല ഇരുവരും. കഴിഞ്ഞ ദിവസങ്ങളില്‍ ദേവ് ബന്ദ്, ബദായൂന്‍ ആഗ്ര എന്നിവിടങ്ങളില്‍ നടന്ന സഖ്യ റാലിയില്‍ മായാവതിയും അഖിലേഷും എത്തിയിരുന്നെങ്കിലും മുലായത്തിന് അനാരോഗ്യത്തെ തുടര്‍ന്ന് പങ്കെടുക്കാനായിരുന്നില്ല.

ഇന്നലെ മുതല്‍ ഗുജറാത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉച്ചയോടെ കര്‍ണാടകയിലെ റായ്ച്ചുര്‍, ചിക്കോടി എന്നിവിടങ്ങളില്‍ സംസാരിക്കും. ഡല്‍ഹിയില്‍ ബി.ജെ.പി സംഘടിപ്പിക്കുന്ന വ്യാപാരി സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അമിത് ഷാ അടക്കമുള്ള നേതാക്കളും വിവിധ ഇടങ്ങളില്‍ റാലി നിശ്ചയിച്ചിട്ടുണ്ട്. അഞ്ചാം ഘട്ടത്തിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയും ഇന്ന് നടക്കും.