India National

ഉപതെരഞ്ഞെടുപ്പില്‍ എസ്.പി – ബി.എസ്.പി സഖ്യമില്ല

എസ്.പി – ബി.എസ്.പി കൂട്ടുകെട്ട് തകര്‍ന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മായാവതി. സമാജ്‌വാദി പാര്‍ട്ടിയുടെ തട്ടകങ്ങളില്‍ പോലും യാദവ വോട്ട് ബാങ്ക് ചോര്‍ന്ന സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പി ഒറ്റക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചത്. സ്വന്തം അണികളെ അഖിലേഷ് യാദവ് വിശ്വാസത്തിലെടുത്താല്‍ സഖ്യം വീണ്ടും സജീവമായി തുടരുമെന്നും ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബി.എസ്.പി അധ്യക്ഷ വ്യക്തമാക്കി. ബി.എസ്.പിയുമായി സഖ്യമുണ്ടാവില്ലെന്നും സമാജ്‌വാദി ഇത്തവണ ഒറ്റക്ക് മല്‍സരിക്കുമെന്ന് അഖിലേഷ് യാദവും അറിയിച്ചു.

സമാജ്‌വാദി വാദി പാര്‍ട്ടിയുടെ യാദവ വോട്ടുബാങ്ക് ബി.ജെ.പിയിലേക്ക് ചോര്‍ന്നുവെന്നാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ ബഹുജന്‍സമാജ് പാര്‍ട്ടി നേതൃയോഗം വിലയിരുത്തിയത്. ലോക്‌സഭാ തെരഞ്ഞെടപ്പില്‍ ഇ.വി.എം കൃത്രിമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പരമ്പരാഗത മണ്ഡലങ്ങളായ കന്നൗജില്‍ അഖിലേഷിന്റെ ഭാര്യ ഡിമ്പിള്‍ യാദവും ബദായൂണില്‍ സഹോദരന്‍ ധര്‍മ്മേന്ദ്ര യാദവും പരാജയപ്പെട്ടത് യാദവ വോട്ടുകളെ അഖിലേഷിന് ഉറപ്പിച്ചു നിര്‍ത്താനാവാത്തതു കൊണ്ടു കൂടിയാണെന്നും ബി.എസ്.പി യോഗം ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് ആസന്നമായ അസംബ്ലി ഉപതെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മല്‍സരിക്കാന്‍ തയാറാവണമെന്ന് മായാവതി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇത് എസ്.പി – ബി.എസ്.പി സഖ്യത്തിന്റെ പൂര്‍ണമായ അന്ത്യമല്ലെന്നാണ് മായാവതി ഇന്ന് നല്‍കിയ വിശദീകരണം.

മായാവതി ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദിയോടൊപ്പമുണ്ടാവില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും സ്ഥിരീകരിച്ചു. ഉപതെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മല്‍സരിക്കാനാണ് സമാജ്‌വാദി തയാറെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാസഖ്യത്തിലെ ഘടക കക്ഷികള്‍ യു.പിയില്‍ സ്വന്തം കരുത്ത് തെളിയിക്കാന്‍ തീരുമാനിച്ചതോടെ ബി.ജെ.പിക്ക് കാര്യങ്ങള്‍ അനുകൂലമാവുന്ന സാഹചര്യമാണ് യു.പിയില്‍ രൂപം കൊള്ളുന്നത്.