India National

മത്സരിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചത് അങ്ങനെയാണ്: പ്രിയങ്കാ ഗാന്ധിയുടെ വെളിപ്പെടുത്തല്‍

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്കയല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് അറിഞ്ഞപ്പോള്‍ തുടങ്ങിയതാണ് ചോദ്യങ്ങളും പരിഹാസവും നുണപ്രചരണങ്ങളും. രാഹുല്‍ സമ്മതിക്കാഞ്ഞിട്ടാണെന്ന് ഒരുപക്ഷം, പാര്‍ട്ടിയിലെ ചിലര്‍ പാരവച്ചതാണെന്ന് വേറൊരു പക്ഷം. അതൊന്നുമല്ല, പേടിച്ചിട്ടാണെന്ന് ശത്രുപക്ഷം. ഒടുവില്‍, ഇന്നലെ പ്രിയങ്ക തന്നെ വെട്ടിത്തുറന്നു പറഞ്ഞു: ഞാന്‍ മന:പൂര്‍വം മാറിനിന്നതല്ല; പാര്‍ട്ടി പറഞ്ഞിട്ടാണ്.

സത്യത്തില്‍ എല്ലാം തുടങ്ങിവച്ചത് പ്രിയങ്ക തന്നെയാണ്. യു.പിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിച്ചത്, അമ്മ സോണിയാ ഗാന്ധിക്കു പകരം റായ് ബറേലിയില്‍ മത്സരിക്കുമോ എന്നാണ്. അപ്പോള്‍ അതിനെ കടത്തിവെട്ടി പ്രിയങ്ക തിരിച്ചൊരു ചോദ്യമെറിഞ്ഞു: “എന്തുകൊണ്ട് വാരണാസിയില്‍ ആയിക്കൂടാ?”

എന്തെങ്കിലും വീണുകിട്ടാന്‍ നോക്കിയിരുന്ന പത്രക്കാര്‍ക്ക് ഇത്രയും പോരേ?​ എല്ലാവരും തലക്കെട്ടു നിരത്തി- വാരണാസിയില്‍ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കും! സത്യത്തില്‍ അപ്പോഴാണ് രാഹുലിനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ആ ഐഡിയ തോന്നിയത്. പ്രിയങ്കയെ വാരണാസിയില്‍ മത്സരിപ്പിക്കുന്ന കാര്യമല്ല,​ അങ്ങനെയൊരു പ്രചാരണം ഹൈലൈറ്റ് ചെയ്‌താലുള്ള പ്രയോജനങ്ങളെക്കുറിച്ചായിരുന്നു നേതാക്കളുടെ ചിന്ത.

പ്രിയങ്ക തനിക്കെതിരെ മത്സരിക്കാന്‍ വരുന്നെന്നു കേട്ടാല്‍ ബി.ജെ.പിയും മോദിയും കോണ്‍ഗ്രസിന് എതിരായ ആരോപണങ്ങളും ആക്ഷേപങ്ങളും മതിയാക്കി,​ പ്രിയങ്കയ്‌ക്കു നേരെ തിരിയും. ഇന്ദിരാഗാന്ധിയോടുള്ള സ്നേഹവാത്സല്യങ്ങള്‍ പ്രിയങ്കയുടെ പേരിലും മനസ്സില്‍ സൂക്ഷിക്കുന്നവരുടെ മനസ്സില്‍ സ്വാഭാവികമായും പ്രിയങ്കയ്‌ക്ക് അനുകൂലമായൊരു തരംഗം വളര്‍ന്നുവരും. അത് പാര്‍ട്ടിക്ക് ഗുണകരമാക്കിയെടുക്കാന്‍ ബുദ്ധിമുട്ടുമില്ല!

ഐഡിയ കൊള്ളാമെന്നു തോന്നിയപ്പോള്‍ രാഹുലും മന:പൂര്‍വം ഒരു മൗനം സൂക്ഷിച്ചു. വാരണാസിയിലെ ബി.ജെ.പിക്കാര്‍ പേടിക്കുന്നെങ്കില്‍ ചുമ്മാ ഒന്നു പേടിച്ചോട്ടെ. ഒടുവില്‍ സമയമായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിച്ചു: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മത്സരിച്ച്‌ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ട തനി ലോക്കല്‍ നേതാവ് അജയ് റായ്.

കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി. 41 മണ്ഡലങ്ങളുണ്ട് ഈ മേഖലയില്‍. (ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കാണ് ബാക്കി മണ്ഡലങ്ങളുടെ ചുമതല)​. അത്രയും മണ്ഡലങ്ങളിലെ പാര്‍ട്ടി പ്രചാരണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വമുള്ള പ്രിയങ്ക വാരണാസിയില്‍ മത്സരിക്കാന്‍ പോയാല്‍ എങ്ങനെയിരിക്കും?​ 2014-ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 80 മണ്ഡലങ്ങളില്‍ ആകെ കിട്ടിയത് രാഹുലിന്റെ അമേതിയും സോണിയയുടെ റായ് ബറേലിയും മാത്രം. ഇത്തവണ പ്രിയങ്ക കൂടി ഔദ്യോഗികമായി കളത്തിലിറങ്ങുമ്ബോള്‍ അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പു ഫലത്തിലും കാണണ്ടേ?​

“യു.പിയിലെ മുതി‌ര്‍ന്ന പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും ഞാന്‍ നേരിട്ട് സംസാരിച്ചു. പാര്‍ട്ടി ചുമതലയേല്‌പിച്ച 41 സീറ്റുകളിലും എനിക്ക് ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്നാണ് അവരെല്ലാം പറഞ്ഞത്. ഏതെങ്കിലുമൊരു മണ്ഡലത്തില്‍ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവരെ നിരാശരാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. അങ്ങനെയാണ് വാരണാസിയില്‍ ഇത്തവണ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്.” പ്രിയങ്ക പറഞ്ഞു.