India National

കണ്ണീർവാതക ഷെല്ലുകളുമായി രണ്ടു പേർ നടുത്തളത്തിലേക്ക് ചാടി; ലോക്സഭയിൽ വൻ സുരക്ഷവീഴ്ച

ലോക്സഭയിൽ വൻ സുരക്ഷവീഴ്ച. കണ്ണീർവാതക ഷെല്ലുകളുമായി രണ്ടു പേർ നടുത്തളത്തിലേക്ക് ചാടി. സന്ദർശക ​ഗാലറിയിൽ നിന്നാണ് രണ്ടു പേർ ലോക്സഭയിലെ നടുത്തളത്തിലേക്ക് ചാടിയിത്. സർക്കാർ വിരുദ്ധ മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു ഇവർ എത്തിയത്. ഇവർ എറിഞ്ഞ ഷെല്ലിൽ നിന്ന് വന്ന പുക ലോക്സഭയിൽ നിറഞ്ഞു.

ഒരു സ്ത്രീയും ഒരു പുരുഷനുമാണ് പിടിയിലായിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ എംപിമാരെ ലോക്സഭയിൽ നിന്നും മാറ്റി. പാർലമെന്റാക്രമണത്തിന്റെ 22 വർഷങ്ങൾ തികയുന്ന ദിവസത്തിലാണ് ലോക്സഭയിൽ രണ്ടു പേർ ആക്രമണത്തിന് ശ്രമിച്ചിരിക്കുന്നത്. എംപിമാരുടെ ഇരിപ്പിടത്തിന് മുകളിലൂടെ ചാടുകയും സ്മോക് ഷെൽ എറിയുകയുമായിരുന്നു. പിന്നാലെ ലോക്സഭയിൽ മഞ്ഞനിറത്തിലുള്ള പുക നിറഞ്ഞെന്നും വല്ലാത്ത ​ഗന്ധം ഉണ്ടായെന്നും എൻകെ പ്രേമചന്ദ്രൻ എംപി പറയുന്നു.

ഖലിസ്താൻ നേതാവ് ഗുർപത്വന്ത് സിങ് പന്നു ഒരാഴ്ച മുൻപ് പാർലമെന്റാക്രമണത്തിന്റെ വാർഷിക ദിനത്തിൽ ആക്രമിക്കുമെന്ന് ഭീഷണി സന്ദേശമയച്ചിരുന്നു. ഇക്കാര്യത്തിൽ ഇവർക്ക് പങ്കുണ്ടോയെന്ന സംശയം ഉയരുന്നുണ്ട്.