‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് വൻ ഗതാഗതക്കുരുക്ക്. കർഷക മാർച്ച് തടയാൻ ഡൽഹി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പ്രധാന അതിർത്തി റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നിലവിലെ സ്ഥിതിയിൽ, ഡൽഹിയിൽ ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂർ എടുക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പ്രതിഷേധ മാർച്ചിനെ തുടർന്ന് ഡൽഹിയിൽ ഗതാഗതം ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. അതിർത്തികൾ അടച്ചതും വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറി. ഡൽഹിയെ ഗാസിയാബാദും ഉത്തർപ്രദേശിലെ നോയിഡയുമായി ബന്ധിപ്പിക്കുന്ന ഗാസിപൂർ, ചില്ല അതിർത്തികളിലെ ഹൈവേകളിൽ കാറുകളുടെ നീണ്ട ക്യൂവാണ്.
ഡൽഹിയെ ഗുരുഗ്രാമുമായി ബന്ധിപ്പിക്കുന്ന NH-48 ലും ഗതാഗതം മന്ദഗതിയിലാണ്. ഇതുവഴി വരുന്ന വാഹനങ്ങളെ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. കർഷകർ ഡൽഹിയിൽ പ്രവേശിക്കുന്നത് തടയാൻ ഗാസിപൂർ, സിംഗ്, ടിക്രി എന്നിവയുൾപ്പെടെ നിരവധി അതിർത്തി പോയിൻ്റുകൾ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്.