യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരായ നീതി നിഷേധത്തിൽ പ്രതിഷേധവുമായി മുൻ സുപ്രീംകോടതി ജഡ്ജ് മാർക്കണ്ഡേയ കട്ജു. മുസ്‍ലിമായിരിക്കുക, അതോടൊപ്പം മാധ്യമപ്രവർത്തകനായിരിക്കുക എന്നുള്ളത് ഇന്ത്യയിൽ ഇന്ന് അപകടകരമായ കോമ്പനേഷനാണെന്നാണ് കട്ജു സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സിദ്ദീഖ് കാപ്പൻ വിഷയത്തിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ചുകൊണ്ടാണ് കട്ജു സിദ്ദീഖ് കാപ്പന് പിന്തുണയുമായി എത്തിയത്. അന്യായമായി തടവിലാക്കപ്പെട്ട സിദ്ദീഖ് കാപ്പന് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിൽ യു.പി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിൽ പറയുന്നു.
ഇത്ര ഗുരുതരമായ മനുഷ്യാവകാശ ലംഘനമായിരുന്നിട്ടും സുപ്രീംകോടതി കേസ് വേണ്ട വിധം പരിഗണിക്കാത്തത് ഞെട്ടിപ്പിക്കുന്നതായും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നുണ്ട്.
കോവിഡ് ബാധിതനായ സിദ്ധീഖ് കാപ്പന്റെ നില ഗുരുതരമാണെന്നും മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്നും നേരത്തെ അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ സിദ്ധീക്ക് കാപ്പൻ യുപിയിലെ മഥുര ആശുപത്രിയിൽ ചികിൽസയിലാണെന്നും, അത്യന്തം ശോചനീയമാണ് ആശുപത്രി പരിപാലനമെന്നും അദ്ദേഹത്തിന്റെ ഭാര്യ റൈഹാന പറഞ്ഞു.
വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. ഹത്രാസ് പീഡനം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി ഒരിക്കൽ മാത്രമാണ് സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചത്. രോഗിയായ അമ്മയെ കാണാൻ അഞ്ച് ദിവസത്തേക്കായിരുന്നു അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.