India

കേന്ദ്രം നൽകിയ 10 ലക്ഷം ഡോസ് വാക്സിൻ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ല; വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

വാക്സിൻ ഉപയോഗത്തിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. കേരളത്തിന് അനുവദിച്ച പത്തുലക്ഷം ഡോസ് വാക്സിൻ ഇതുവരെ സംസ്ഥാനം ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. കേരളം ആവശ്യപ്പെടുന്ന മുറയ്ക്ക് വാക്സിൻ നൽകാൻ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിലെ രോഗ വ്യാപനത്തിൽ ആശങ്ക അറിയിച്ച് ആരോഗ്യമന്ത്രി വാക്സിനേഷൻ കൃത്യമായി നടപ്പാക്കിയാൽ സ്ഥിതി മെച്ചപ്പെടുമെന്നും അറിയിച്ചു. വാക്സിൻ ക്ഷാമം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രിക്ക് എംപിമാരായ ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവർ നൽകിയ നിവേദനത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ( mansukh mandaviya criticizes kerala )

അതേസമയം, സംസ്ഥാനത്ത് ഇന്ന് 12,818 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,034 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 85 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രാജ്യത്തെ പ്രതിദിന രോഗികൾ 40,000 മുകളിൽ തന്നെ തുടരുകയാണ്. 24 മണിക്കൂറിനിടെ 507 പേർ മരിച്ചു. കേരളത്തിൽ മഹാരാഷ്ട്രയിലും പ്രതിദിന കേസുകൾ ഉയർന്നതോടെ ദേശീയ കണക്കിൽ വീണ്ടും രോഗികളുടെ എണ്ണം വീണ്ടും നാൽപതിനായിരം കടന്നു. 41,383 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായി 31 ദിവസവും ടെസ്റ്റ് പോസിറ്റീവ് നിരക്ക് 3 ശതമാനത്തിൽ താഴെയായി. 2.41 ശതമാനമാണ് നിലവിലെ പ്രതിദിന ടിപിആർ.