India

ഹരിയാനയിലെ കർഷക പ്രതിഷേധങ്ങൾക്കെതിരെ മനോഹർ ലാൽ ഖട്ടർ

കർഷക പ്രതിഷേധങ്ങൾക്കെതിരെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. അനിശ്ചിതമായി റോഡ് ഉപരോധിക്കാൻ ആർക്കുമവകാശമില്ല. കോൺഗ്രസ് നേതാക്കളാണ് കർഷകരെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചാബിൽ നിന്നുള്ള കർഷകരാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്ന് ആരോപണം. ഹരിയാനയിൽ നിന്നുള്ള കർഷകർ പ്രതിഷേധ രംഗത്തില്ലെന്നും മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി.

കർണാലിലെ പൊലീസ് നടപടിയിൽ ന്യായീകരണം കണ്ടെത്തിയ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ആയുഷ് സിൻഹയ്ക്ക് എതിരായി ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാനാണ് പൊലീസ് നടപടിയെന്നാണ് സർക്കാരിന്റെ വാദം. അതേസമയം കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധി ഹരിയാന പൊലീസിന്റെ നടപടികളെയും കർഷകരെ തല്ലിച്ചതച്ച സംഭവത്തെയും അപലപിച്ചിരുന്നു.

ഹരിയാനയിൽ പൊലീസ് ലാത്തിച്ചേർജിനെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ കേസെടുത്ത് പൊലീസ്. സിർസയിൽ ഉപരോധം നടത്തിയ നൂറിലേറെ കർഷകർക്കെതിരെയാണ് കേസെടുത്തത്. ഹരിയാനയിലെ കർണാലിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ എത്തിയപ്പോഴായിരുന്നു കർഷകർ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയപ്പോഴായിരുന്നു കർഷകർക്കെതിരെ ലാത്തിവീശിയത്.

സംഘർഷത്തിൽ ഒരു കർഷകൻ തലയ്ക്ക് പരുക്കേറ്റതിനെ തുടർന്ന് മരണപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയുമുണ്ടായി. കർണാലിലെ പൊലീസ് നടപടികൾക്ക് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കർഷക സംഘടനകൾ.