India National

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. സംസ്‌കാരം ശിവജി പാര്‍ക്കില്‍ വെള്ളിയാഴ്ച വൈകുന്നേരം നടക്കും. മനോഹര്‍ ജോഷിയുടെ പുത്രന്‍ ഉന്മേഷാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

ആര്‍എസ്എസിലൂടെയാണ് മനോഹര്‍ ജോഷി പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം ശിവസേനയില്‍ അംഗത്വമെടുത്തു. 1980കളില്‍, ജോഷി ശിവസേനയ്ക്കുള്ളിലെ ഒരു പ്രധാന നേതാവായി ഉയര്‍ന്നുവന്നു, അദ്ദേഹത്തിന്റെ സംഘടനാ വൈദഗ്ധ്യവും പൊതുജന്ങള്‍ക്കിടയിലുണ്ടായിരുന്ന സ്വീകാര്യതയും മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് വലിയ ഗുണം ചെയ്തു.

പിന്നീട് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ അടിയറവ് പറയിപ്പിച്ച് 1995ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി മനോഹര്‍ നിയമിതനായി. കോണ്‍ഗ്രസിന്റെ ശരദ് പവാറിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിലെത്തുന്നത്. പാര്‍ലമെന്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2002 മുതല്‍ 2004 വരെ ലോക്‌സഭാ സ്പീക്കറായിരുന്നു.