മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) സുരക്ഷ പിൻവലിച്ചു. ഇനി അദ്ദേഹത്തിന് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്) സുരക്ഷ ഉണ്ടാവും. ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് തീരുമാനം.
തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേർക്ക് മാത്രമാണ് എസ്.പി.ജി സുരക്ഷ നൽകാറുള്ളത്. ഇതിന് അര്‍ഹരായവരെ നിശ്ചയിക്കുന്ന വാർഷിക അവലോകനത്തിന്റെ ഭാഗമായാണ് മൻമോഹൻ സിംഗിന്റെ സുരക്ഷ വെട്ടിക്കുറച്ചതെന്നാണ് വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ നാല് പേർക്ക് മാത്രമേ ഇനി രാജ്യത്തെ ഉയർന്ന സുരക്ഷാ സംവിധാനമായ എസ്.പി.ജിയുടെ സുരക്ഷ ഉണ്ടാവൂ.
തന്‍റെ സുരക്ഷയെ കുറിച്ച് വ്യക്തിപരമായി ആശങ്കയില്ലെന്ന് മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു. സര്‍ക്കാരിന്‍റെ തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായതിന് പിന്നാലെ എസ്.പി.ജി. സുരക്ഷ വേണ്ടെന്ന് മന്‍മോഹന്‍ സിംഗിന്‍റെ മക്കള്‍ വ്യക്തമാക്കിയിരുന്നു.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1985ലാണ് എസ്.പി.ജി രൂപീകരിച്ചത്. 3000 പേരടങ്ങുന്ന എസ്.പി.ജി സംഘം പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സുരക്ഷ ഒരുക്കുന്നത്. എത്രത്തോളം ഭീഷണി നേരിടുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് എസ്.പി.ജി സുരക്ഷ ഒരുക്കുന്നത്.