മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ കൂടുതൽ വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് ബി.ജെ.പി മേധാവിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഈ വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് അമിത് ഷായുടെ അവകാശവാദം. ഇക്കാര്യത്തിൽ കോൺഗ്രസ് നടത്തുന്ന ആക്രമണങ്ങൾ അസൂയയുടെ ഫലമാണെന്ന് അമിത് ഷാ പറഞ്ഞു.
മോദി പോകുന്നിടത്തെല്ലാം ആയിരക്കണക്കിന് ആളുകൾ ‘മോദി-മോദി’ എന്ന മുദ്രാവാക്യങ്ങളുമായി വിമാനത്താവളങ്ങളിൽ തടിച്ചുകൂടുന്നുണ്ട്. ഇത് കോൺഗ്രസിന് വലിയ വയറുവേദനയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ്, എന്തുകൊണ്ടാണ് മോദി ഇത്രയധികം യാത്ര ചെയ്യുന്നതെന്ന് അവർ ചോദിക്കുന്നത്,” അമിത് ഷാ പറഞ്ഞു. കഴിഞ്ഞ മാസം യു.എസിലെ ഹൂസ്റ്റണിൽ നടന്ന പൊതുയോഗത്തെക്കുറിച്ച് പരാമർശിച്ച അമിത് ഷാ, നരേന്ദ്ര മോദിയാണ് “ലോകത്തിലെ ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രി” എന്ന് തെളിയിച്ചെന്നും പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ മുൻഗാമിയായ മൻമോഹൻ സിങ്ങുമായി ഒരു വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു, “മൻമോഹൻ ജി, മാഡം എഴുതിയതും നൽകിയതുമായ പ്രസംഗമാണ് വായിക്കാറുണ്ടായിരുന്നത്. ഒരിക്കല്‍ മൻമോഹൻ ജി റഷ്യയ്ക്ക് വേണ്ടി എഴുതിയ കുറിപ്പ് മലേഷ്യയില്‍ വായിച്ചിരുന്നെന്നും അമിത് ഷാ പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടര്‍ച്ചയായ വിദേശ പര്യടനങ്ങൾ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ആക്രമണങ്ങൾക്ക് ആക്കംകൂട്ടിയിരുന്നു. എന്നാല്‍ മോദിയുടെ സമർത്ഥമായ നയതന്ത്രം ഇന്ത്യയുടെ ആഗോള നിലവാരം ഉയർത്തുകയും നിക്ഷേപങ്ങളുടെ പ്രവാഹം വർധിപ്പിക്കുകയും ചെയ്തുവെന്നാണ് ബി.ജെ.പി വാദിക്കുന്നത്.
2014 മെയ് മാസത്തിൽ പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം 48 വിദേശയാത്രകളിലായി 55 രാജ്യങ്ങളിൽ പ്രധാനമന്ത്രി മോദി സന്ദർശനം നടത്തിയതായി കേന്ദ്രമന്ത്രി വി.കെ സിങ് പാർലമെന്റിൽ പറഞ്ഞിരുന്നു. ഇതിൽ ചില രാജ്യങ്ങൾ ഒന്നിലധികം തവണ സന്ദർശിച്ചിരുന്നു.