India National

മന്‍മോഹന്‍ സിങ് രാജ്യസഭയിലേക്ക്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിയേക്കും. ബി.ജെ.പി എം.പി മദന്‍ ലാല്‍ സൈനി മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റില്‍ മന്‍മോഹന്‍സിങിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചേക്കുമെന്നാണ് സൂചന. അതേസമയം, തമിഴ്നാട്ടില്‍ മൂന്ന് സീറ്റുകളില്‍ ഡി.എം.കെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ നിന്ന് മന്‍മോഹന്‍സിങിനെ രാജ്യസഭയിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അസമില്‍ നിന്നായിരുന്നു രാജ്യസഭയിലേക്ക് മന്‍മോഹന്‍സിങ് ഓരോ തവണയും തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ അധികാരം നഷ്ടമായതോടെ കോണ്‍ഗ്രസിന് ഇനി അസമില്‍ നിന്ന് മന്‍മോഹന്‍സിങ്ങിനെ വിജയിപ്പിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് രാജസ്ഥാനില്‍ നിന്ന് മന്‍മോഹന്‍സിങിനെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ബി.ജെ.പി രാജസ്ഥാന്‍ പ്രസിഡന്റും രാജ്യസഭ എം.പിയുമായ മദന്‍ ലാല്‍ സൈനി മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലായിരിക്കും മന്‍മോഹന്‍ സിങിനെ കോണ്‍ഗ്രസ് മത്സരിപ്പിക്കുക.

സംസ്ഥാനത്തെ ഭരണം കോണ്‍ഗ്രസിനായതിനാല്‍ മന്‍മോഹന്‍സിങിനെ വിജയപ്പിക്കാനുമാകും. മരിച്ച മദന്‍ലാല്‍ സൈനിക്ക് 2024 ഏപ്രില്‍ വരെ കാലാവധിയുണ്ടായിരുന്നു. തമിഴ്നാട്ടില്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റില്‍ ഡി.എം.കെ സഹായത്തോടെ മന്‍മോഹന്‍സിങിനെ മത്സരിപ്പിച്ചേക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മൂന്ന് സീറ്റുകളിലേക്കും ഡി.എം.കെ ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡി.എം.കെ അനുഭാവിയും മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായ പി വില്‍സണ്‍, എം ഷണ്‍മുഖം എന്നിവരും എം.ഡി.എം.കെ അധ്യക്ഷന്‍ വൈക്കോയുമാണ് ഡി.എം.കെ സ്ഥാനാര്‍ത്ഥികള്‍.