India

ഡോ.മൻമോഹൻ സിംഗ് ആശുപത്രി വിട്ടു

മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് ആശുപത്രി വിട്ടു. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന മൻമോഹൻ സിംഗ് ഇന്ന് വൈകീട്ട് 5.30നാണ് ഡിസ്ചാർജ് ആയത്. ( manmohan singh leaves hospital )

പനിയെ തുടർന്ന് ഒക്ടോബർ 13നാണ് ഡോ. മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചിലെ അണുബാധക്കൊപ്പം അദ്ദേഹത്തിന് ശ്വാസതടസവും നേരിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാർഡിയോളജിസ്റ്റായ ഡോ. നിതീഷ് നായികിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിചരണത്തിൽ ആശുപത്രിയിലെ കാർഡിയോ ന്യൂറോ സെൻററിലുള്ള പ്രൈവറ്റ് വാർഡിലായിരുന്നു മൻമോഹൻ സിംഗ്.

ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ മൻമോഹൻ സിംഗിനെ സന്ദർശിച്ച് ആരോഗ്യവിവരം തിരക്കിയിരുന്നു. എന്നാൽ മന്ത്രി ഫോട്ടോഗ്രാഫറോടൊപ്പം വാർഡിലെത്തിയത് വൻ വിവാദമായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ചിത്രം പുറത്തുവിട്ടതിൽ അതൃപ്തി പ്രകടിപ്പിച്ച് കുടുംബവും രംഗത്തെത്തിയിരുന്നു. മൻസൂഖ് മാണ്ഡവ്യ മൻമോഹൻ സിംഗിനെ ആശുപത്രിയിലെത്തി സന്ദർശിക്കുന്നതിന്റെ ചിത്രമാണ് പുറത്തായത്. ആശുപത്രിയിൽ കഴിയുന്നതിനിടെ ഫോട്ടോയെടുക്കുന്നതിനെ മാതാവ് വിലക്കിയിരുന്നെന്നും ഇത് കേൾക്കാതെയാണ് കേന്ദ്രമന്ത്രിക്കൊപ്പമെത്തിയ ഫോട്ടോഗ്രാഫർ ഫോട്ടോയെടുത്തതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവം കുടുംബത്തെ വേദനിപ്പിച്ചുവെന്ന് മൻമോഹൻ സിംഗിന്റെ മകൾ ധമാൻ സിംഗ് പറഞ്ഞിരുന്നു.