സമീപകാല ഭീകരാക്രമണങ്ങളുടെ അലയൊലികൾ കെട്ടടങ്ങും മുമ്പ് ‘വടക്കുകിഴക്കിന്റെ രത്‌നമായ’ മണിപ്പൂർ വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്. ഭരണം നിലനിർത്താൻ ബിജെപിയും, ഭരണകക്ഷി സഖ്യത്തിൽ നിന്ന് അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസും ശ്രമം തുടങ്ങി കഴിഞ്ഞു. കൂടാതെ കാവി പാർട്ടിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്താൻ ചില സഖ്യകക്ഷികളും തീരുമാനം എടുത്തിരിക്കുകയാണ്.
ക്രമസമാധാനത്തിനുപുറമെ, സായുധ സേനയുടെ പ്രത്യേക അധികാര നിയമം നീക്കം ചെയ്യണമെന്ന ദീർഘകാല ആവശ്യം, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിവയാണ് പ്രതിപക്ഷത്തിൻ്റെ തെരഞ്ഞെടുപ്പ് അജണ്ട. നാഷനൽ പീപ്പിൾസ് പാർട്ടി, നാഗാ പീപ്പിൾസ് ഫ്രണ്ട് തുടങ്ങിയ ചെറിയ പ്രാദേശിക പാർട്ടികൾ അവരുടെ സ്വന്തം ആവശ്യങ്ങളുമായി രംഗത്തുണ്ട്.
60 അംഗ സഭയിൽ 40-ലധികം സീറ്റുകൾ നേടുകയാണ് തന്റെ പാർട്ടിയുടെ ലക്ഷ്യമെന്ന് മണിപ്പൂർ പ്രദേശ് ബിജെപി വൈസ് പ്രസിഡന്റ് സിഎച്ച് ചിദാനന്ദ പിടിഐയോട് പറഞ്ഞു. സഖ്യത്തിനുള്ളിലെ വിള്ളലുകളെ സൂചിപ്പിച്ച ചിദാനന്ദ “സംസ്ഥാനത്തെ മലയോര മേഖലയിൽ (നാഗാ ഗോത്രങ്ങളുടെ ആധിപത്യം) ബിജെപിയും നാഗാ പീപ്പിൾസ് ഫ്രണ്ടും (ബിജെപിയുടെ നിലവിലെ സഖ്യകക്ഷി) തമ്മിലായിരിക്കും പ്രധാന പോരാട്ടം” എന്ന് തുറന്നു സമ്മതിച്ചു.
ബിജെപിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും ഹിന്ദുത്വ വാദവും ചൊല്ലിയുള്ള എൻപിപി, എൻപിഎഫ് പങ്കാളികൾക്കിടയിലെ അതൃപ്തിയും സഖ്യകക്ഷികൾക്കിടയിൽ അകലമുണ്ടാക്കിയതായി വിദഗ്ധർ പറയുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യങ്ങൾ ഇല്ലെങ്കിലും, സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചേക്കാമെന്നും വിദഗ്ധർ പറയുന്നു.
കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് പോകുന്നത് വലിയ തലവേദനയാണ്. മുൻ സംസ്ഥാന കോൺഗ്രസ് യൂണിറ്റ് മേധാവി ഗോവിന്ദാസ് കോന്തൗജം ഉൾപ്പെടെ അഞ്ച് കോൺഗ്രസ് നിയമസഭാംഗങ്ങൾ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ബിജെപിയിൽ ചേർന്നത്. മറ്റൊരു സിറ്റിംഗ് കോൺഗ്രസ് നിയമസഭാംഗമായ ചാൾട്ടൺലിയൻ അമോ ഞായറാഴ്ച ബിജെപിയിൽ ചേർന്നു. തന്റെ സഹപ്രവർത്തകൻ ഡി കൊറുങ്ങ്താങ് പാർട്ടി വിട്ട് എൻപിഎഫിൽ ചേർന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് അമോയുടെ കുങ്കുമക്കൂട്ടിലേക്കുള്ള കൂറുമാറ്റം.
എന്നാൽ കോൺഗ്രസ് തിരിച്ചുവരവ് നടത്തുമെന്ന് മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) പ്രസിഡന്റ് എൻ ലോകെൻ സിംഗ് എംഎൽഎ ഉറപ്പുനൽകുന്നു. “അവശ്യസാധനങ്ങളുടെ വില ആകാശംമുട്ടുകയാണ്, അതിനാൽ മണിപ്പൂരിലെ ജനങ്ങൾ കേന്ദ്രത്തിലും ബിജെപി നേതൃത്വത്തിലുള്ള സർക്കാരിലും മടുത്തു” ബിജെപി നേതൃത്വത്തിലുള്ള സഖ്യസർക്കാരിനെ വിമർശിച്ചുകൊണ്ട്, സിംഗ് പിടിഐയോട് പറഞ്ഞു.
കഴിഞ്ഞ സെൻസസ് പ്രകാരം മണിപ്പൂരിന്റെ സാക്ഷരതാ നിരക്ക് ഏകദേശം 80 ശതമാനമായിരുന്നു. പുരുഷ സാക്ഷരത 86.49 ശതമാനമായ ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. എന്നിരുന്നാലും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനത്തിന്റെ തൊഴിലില്ലായ്മ 2017-18ൽ 11.6 ശതമാനമായിരുന്നു. മണിപ്പൂരിലെ 2020-21 സാമ്പത്തിക സർവേ പ്രകാരം 15-24 പ്രായത്തിലുള്ള യുവാക്കളുടെ തൊഴിലില്ലായ്മ 44.4 ശതമാനമാണ്.
ഭരണകക്ഷിയെ സംബന്ധിച്ചിടത്തോളം, സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ, ഭരണവിരുദ്ധതയെ മറികടക്കാൻ സഹായിച്ചേക്കാം. ശനിയാഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇംഫാൽ സന്ദർശിക്കുകയും ഏകദേശം 1,850 കോടി രൂപയുടെ 13 പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും 2,950 കോടി രൂപയുടെ ഒമ്പത് പദ്ധതികളുടെ തറക്കല്ലിടുകയും ചെയ്തു. എന്നിരുന്നാലും, നിരവധി ഗ്രൂപ്പുകളുടെ തീവ്രവാദം ഇപ്പോഴും സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു വലിയ ചോദ്യ ചിഹ്നമായി തുടരുന്നു.