India National

മംഗളുരുവില്‍ പൊലീസ് വെടിവെപ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു

മംഗളുരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ജലീല്‍, നൌഷിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം 4.30ഓടെയാണ് സംഭവം.

വെടിവെപ്പില്‍ പരിക്കേറ്റവരില്‍ മുന്‍ മേയര്‍ അഷ്റഫുമുണ്ട്. അഷ്റഫിന്‍റെയും നസീം എന്നയാളുടെയും നില അതീവ ഗുരുതരമാണ്. ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് ഇന്ന് വൈകുന്നേരം വെടിവെപ്പുണ്ടായത്.

പരിക്കേറ്റ സമരക്കാരെ പ്രവേശിപ്പിച്ച ആശുപത്രിയിലും പൊലീസ് അക്രമം നടത്തി. ഹൈലാന്‍ഡ് ആശുപത്രിയിലാണ് പൊലീസ് അതിക്രമം നടത്തിയത്.

മംഗളുരു പൊലീസ് കമ്മീഷണറേറ്റിന് കീഴിലെ അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസത്തേക്കാണ് കര്‍ഫ്യു.

ലഖ്‌നൗവിലും പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെപ്പിച്ചു. ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. നഗരമധ്യത്തിലെ പരിവര്‍ത്തന്‍ ചൗക്കില്‍ പൗരത്വ നിയമത്തിനെതിരെയുള്ള റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജനക്കൂട്ടത്തിന് നേര്‍ക്കാണ് പൊലീസ് വെടിവെച്ചത്.