അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സ്വർണ്ണ ഇഷ്ടിക സംഭാവന ചെയ്യാന്‍ തയ്യാറാണെന്ന് അവസാന മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ സഫറിന്റെ പിൻഗാമിയെന്ന് അവകാശപ്പെടുന്ന ഹബീബുദ്ദിൻ ടൂസി. പക്ഷേ, ഹബീബുദ്ദിന് ഒരു വ്യവസ്ഥയുണ്ട്. ആ ഭൂമിയുടെ യഥാര്‍ഥ ഉടമ താനാണെന്നും അതുകൊണ്ട് തന്നെ ആ സ്ഥലം തനിക്ക് വിട്ടുതരണമെന്നുമാണ് ഹബീബുദ്ദിന്റെ ആവശ്യം.
ആദ്യത്തെ മുഗൾ ചക്രവർത്തിയായ ബാബറിന്റെ പിൻഗാമിയെന്ന നിലയിൽ താനാണ് ഭൂമിയുടെ ശരിയായ ഉടമയെന്നും അതുകൊണ്ട് തന്നെ ആ ഭൂമി തനിക്ക് വിട്ടുതരണമെന്നും ഹബീബുദ്ദിന്‍ ആവശ്യപ്പെടുന്നു. സുപ്രീംകോടതി തനിക്ക് ഭൂമി കൈമാറിയാൽ, അവിടെ രാമ ക്ഷേത്രം നിര്‍മിക്കുന്നതിന് മുഴുവൻ സ്ഥലവും വിട്ടുനല്‍കാന്‍ താന്‍ തയ്യാറാണെന്നും ടൂസി പറഞ്ഞു. ബാബരി കേസില്‍ തന്നെ കൂടി സുപ്രിംകോടതി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.
കേസിലെ നിലവിലെ കക്ഷികൾക്കൊന്നും ആ ഭൂമിയില്‍ അവരുടെ അവകാശം തെളിയിക്കുന്നതിനുള്ള രേഖകളില്ലെന്ന് ടൂസി വാദിക്കുന്നു, എന്നാൽ മുഗളരുടെ പിൻഗാമിയെന്ന നിലയിൽ തനിക്ക് ഭൂമിയുടെ അവകാശമുണ്ട്. ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി മുഴുവൻ സ്ഥലവും നൽകാൻ നേരത്തെ തന്നെ താന്‍ തീരുമാനിച്ചതാണെന്നും ടൂസി പറഞ്ഞു.