ബിസിനസുമായ ബന്ധപ്പെട്ട വഴക്കിനെ തുടര്‍ന്ന് മുന്‍ ബിസിനസ് പങ്കാളിയടക്കം മൂന്ന് പേരെ കാറിനകത്തിട്ട് കത്തിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഒരാളുടെ നില ഗുരുതരമാണ്.
പതാമത പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വേണുഗോപാല്‍ റെഡ്ഡി എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്. വേണുഗോപാലും ഗംഗാധര്‍ എന്നയാളും പാര്‍ട്നര്‍മാരായി പഴയ കാറുകള്‍ വാങ്ങി വില്‍ക്കുന്ന ബിസിനസാണ് ചെയ്തിരുന്നത്. എന്നാല്‍ ഇത് നഷ്ടത്തിലായിരുന്നു. കനത്ത നഷ്ടം വന്നതോടെ ഇരുവരും പിരിയുകയായിരുന്നുവെന്ന് വിജയവാഡ ഡപ്യൂട്ടി കമ്മീഷണര്‍ വി.ഹര്‍ഷവര്‍ദ്ധന്‍ രാജു വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
പിന്നീട് വേണുഗോപാൽ ഗംഗാധറുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഗംഗാധറും ഭാര്യ നാഗവള്ളിയും സുഹൃത്ത് കൃഷ്ണ റെഡ്ഡിയും തിങ്കളാഴ്ച വേണുഗോപാലിനെ കണ്ടു. അവര്‍ തമ്മില്‍ ബിസിനസിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പുകവലിക്കാനെന്ന വ്യാജേന വേണുഗോപാല്‍ കാറിന് പുറത്തിറങ്ങി. വിസ്കി കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ കാറിലേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. പിന്നീട് പൊലീസെത്തിയാണ് കാറില്‍ അകപ്പെട്ട ഗംഗാധറെയും മറ്റുള്ളവരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. വേണുഗോപാലിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.