രണ്ട് മനുഷ്യരെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാൻ ബന്ദിപ്പൂർ കാട്ടിൽ കർണാടക വനംവകുപ്പ് അധികൃതർ തെരച്ചിൽ ഊർജിതമാക്കി. ചാമരാജനഗർ ജില്ലയിൽ ഒരു മാസത്തിനിടെ രണ്ടുപേരെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. നാല് മുതൽ ആറ് വരെ വയസ്സുള്ള കടുവ അടുത്ത ഇരയെ കണ്ടെത്തുന്നതിനു മുമ്പ് പിടികൂടി കൊല്ലാനാണ് തീരുമാനമെന്ന് അധികൃതർ പറയുന്നു.
സെപ്തംബർ മധ്യത്തിൽ ചാമരാജനഗറിലെ വനത്തോട് അടുത്തുകിടക്കുന്ന പ്രദേശത്തുവെച്ച് ശിവമാദയ്യ എന്നയാളെയാണ് കടുവ ആദ്യമായി കൊലപ്പെടുത്തിയത്. പിന്നീട് 80 വയസ്സുള്ള ശിവപ്പ എന്ന കർഷകനെയും കടിച്ചുകൊന്നു. ഇതോടെയാണ് കടുവയെ കെണിയിൽ വീഴ്ത്താനുള്ള ശ്രമം ആരംഭിച്ചത്.
‘കടുവ ഇനി ആരെയെങ്കിലും ആക്രമിക്കുന്നതിനു മുമ്പ് കെണിയിൽ വീഴ്ത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മയക്കുവെടി വിദഗ്ധരെയും വെറ്ററിനറി ഡോക്ടർമാരുടെയും അഭാവം തെരച്ചിലിനെ ബാധിക്കുന്നുണ്ട്.’ കർണാടക ഫോറസ്റ്റ് കൺസർവേറ്റർ ടി. ബാലചന്ദ്ര പറഞ്ഞു. വനത്തിൽ സ്ഥാപിച്ച ക്യാമറകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് കടുവക്ക് നല്ല ആരോഗ്യമുണ്ടെന്നാണ്. രണ്ടു മാസത്തിനിടെ 14 കന്നുകാലികളെ കൊന്നു ഭക്ഷിച്ച കടുവ ഇനിയും ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്. കടുവയുടെ കാൽപ്പാടുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ ദിനേനയെന്നോണം കാണുന്നുണ്ടെന്നും അധികം വൈകാതെ കടുവയെ പിടികൂടാൻ കഴിയുമെന്നാണ് കരുതുന്നതെന്നും ബാലചന്ദ്ര പറഞ്ഞു.
വനത്തിനു സമീപം താമസിക്കുന്നവർ പറയുന്നത് കടുവയെ കൊല്ലേണ്ടതില്ലെന്നാണ്. പിടികൂടി വനാന്തർഭാഗത്ത് വിടനാണ് അവർ ആവശ്യപ്പെടുന്നത്. കടുവ കെണിയിൽ വീണശേഷമേ ഇക്കാര്യത്തിൽ തീരുമാനെടുക്കുകയുള്ളൂ എന്നും ബാലചന്ദ്ര കൂട്ടിച്ചേർത്തു.