Health India

രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ സ്വീകരിച്ച മധ്യവയസ്‌കന്‍ മരിച്ചു; കാരണം വ്യക്തമല്ലെന്ന് ഡോക്ടര്‍മാര്‍

രണ്ടാം ഘട്ട കോവിഡ് വാക്സിന്‍ സ്വീകരിച്ച മധ്യവയസ്കന്‍ മരിച്ചു. ഇന്നലെയാണ് സുഖ്ദേവ് കിര്‍ദാത്ത് എന്ന 45 കാരന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ശേഷം ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇദ്ദേഹത്തെ ഇന്ദിര ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് 15 മിനിറ്റിനുള്ളില്‍ തന്നെ ഇദ്ദേഹം മരിക്കുകയും ചെയ്തു. എന്നാല്‍ മരണകാരണത്തെ കുറിച്ച് വ്യക്തമായ കാരണങ്ങള്‍ ലഭ്യമായിട്ടില്ലെന്നും വിശദമായ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം പറയാനാകൂവെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

”ജനുവരി 28 നാണ് അദ്ദേഹം ആദ്യ കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. അന്ന് അദ്ദേഹത്തിന് വിശദമായ ദേഹ പരിശോധന നടത്തിയിരുന്നു. അദ്ദേഹത്തിന് വര്‍ഷങ്ങളായി രക്തസമ്മര്‍ദം ഉള്ളതായി അന്നത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിന്‍റെ കാലില്‍ അതിയായ വീക്കവും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് രക്തസമ്മര്‍ദ്ദം ശരയായ നിലയിലായിരുന്നു. ശരീരത്തിലെ ഓക്സിജന്‍റെ അളവും സാധാരണ ഗതിയിലായിരുന്നു”.

അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ മരണകാരണം എന്താണെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. അതിന് വിശദമായ പോസ്റ്റ്മോര്‍ട്ടം അനിവാര്യമാണ്.” ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ കെ.ആര്‍ ഖാരാത് പറഞ്ഞു. മാര്‍ച്ച് ഒന്നിനാണ് രാജ്യവ്യാപകമായി രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചത്.

60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖമുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. മഹാരാഷ്ട്രയില്‍ 33,044 പേര്‍ക്കാണ് മാര്‍ച്ച് രണ്ടിന് മാത്രം കോവിഡ് വാക്സിനേഷന്‍ നടത്തിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും മാര്‍ച്ച് ഒന്നിന് തന്നെ വാക്സിന്‍ സ്വീകരിച്ചിരുന്നു.