പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നാളെ പ്രചാരണ രംഗത്ത് മടങ്ങിയെത്തും. പ്രകടന പത്രിക പുറത്തിറക്കിയ ശേഷമാകും മമത പ്രചാരണത്തിനായി തിരിച്ചെത്തുക.
നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ പതിനാലാം വാർഷിക ദിനമായ നാളെയാണ് തൃണമൂൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട മമത ബാനർജി കാളിഘട്ടിലെ വസതിയിൽ പ്രകടന പത്രിക പ്രഖ്യാപിക്കും. തുടർന്ന് മമത ബാനർജി പ്രചാരണ രംഗത്ത് തിരിച്ചെത്തും. വീൽചെയറിൽ ഇരുന്നാകും മമത ഇനി പ്രചാരണം നയിക്കുക.
അതേസമയം, മമതയ്ക്ക് പരുക്കേറ്റ സംഭവത്തിൽ പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി അലാപൻ ബന്ദ്യോപാധ്യായ തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു. മമതയ്ക്ക് പരുക്കേറ്റത് കാറിന്റെ ഡോറിൽ തട്ടിയാണ് എന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്.
അതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണത്തിനായി നാളെ ബംഗാളിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ ബംഗാളിൽ എത്തുന്നത്.