India

ബംഗാളില്‍ കേന്ദ്രസേന വംശഹത്യ നടത്തിയെന്ന് മമത ബാനര്‍ജി

ബം​ഗാൾ തെരഞ്ഞെടുപ്പിനിടെ കേന്ദ്ര സേന നടത്തിയത് വംശഹത്യയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. ആളുകളെ കൊല്ലാൻ ലക്ഷ്യമിട്ടായിരുന്നു കേന്ദ്ര സേന വെടിവെച്ചതെന്നും മമത ബാനർജി കുറ്റപ്പെടുത്തി. ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിലെ സംഘർഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്.

ജനങ്ങളെ നിയന്ത്രിക്കാൻ അറിയാത്ത സി.ഐ.എസ്.എഫുകാരാണ് കൂച് ബിഹാറിൽ കൊല നടത്തിയത്. ആളുകൾക്കിടിയിലേക്ക് വെടിയുണ്ട വർഷിക്കുകയായിരുന്നു. മുന്നറിയിപ്പ് നല്‍കലായിരുന്നു ലക്ഷ്യമെങ്കിൽ അരയ്ക്ക് കീഴ്പ്പോട്ട് വെടിയുതിർക്കുമായിരുന്നു. എന്നാൽ വെടിയേറ്റ് മരിച്ചവർക്കെല്ലാം മുറിവുള്ളത് കഴുത്തിനും നെഞ്ചിലുമാണെന്നും മമത പറഞ്ഞു. സിലി​ഗുരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത.

ആഭ്യന്തരമന്ത്രി അമിത് ഷാ കേന്ദ്ര ഏജൻസികളെ സ്വാധീനിച്ച് അക്രമം അഴിച്ചു വിടുകയായിരുന്നു. നമ്മള്‍ ഭയപ്പെട്ടതെല്ലാം ഇന്ന് ശരിയാണെന്ന് തെളിഞ്ഞു. പുറത്ത് നിന്ന് വന്നവർ നാലു പേരെയാണ് കൊന്നതെന്നും മമത പറഞ്ഞു.

എന്നാൽ സ്വയരക്ഷക്ക് വേണ്ടിയാണ് സി.ഐ.എസ്.എഫ് വെടിവെച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച പ്രത്യേക പൊലീസ് നിരീക്ഷകന്റെ റിപ്പോർട്ട്. പ്രദേശവാസികൾ ആയുധങ്ങൾ പിടിച്ചുവാങ്ങാൻ ശ്രമിച്ചപ്പോഴാണ് അക്രമമുണ്ടായത്. നാട്ടുകാരും കേന്ദ്രസേനയും തമ്മിൽ തെറ്റിധാരണ ഉണ്ടായതായും റിപ്പോർട്ട് പറഞ്ഞു.