India National

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: മമത ബാനർജി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രതിനിധികളെ ചടങ്ങിലേക്ക് അയക്കേണ്ടതില്ലെന്നും മമത തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

തൃണമൂൽ കോൺഗ്രസ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചടങ്ങ് ബഹിഷ്‌കരിക്കാനാണ് സാധ്യത. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ ആയുധമായി രാമക്ഷേത്ര ഉദ്ഘാടനം ഉയർത്തിക്കാട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ടിഎംസിയുടെ വിലയിരുത്തൽ. കൂടാതെ മതപരമായ ചടങ്ങിനെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നും വിമർശനമുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം.

നേരത്തെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. മതപരമായ ചടങ്ങിനെ സർക്കാർ സ്‌പോൺസേർഡ് പരിപാടിയാക്കി മാറ്റിയ ബിജെപിയെയും ആർഎസ്എസിനെയും വിമർശിച്ച യെച്ചൂരി, മതം ഒരു വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും അതിനെ രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമാക്കി മാറ്റരുതെന്നും പറഞ്ഞിരുന്നു.