ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് പ്രഖ്യാപിച്ച് കൊല്‍ക്കത്തയില്‍ പ്രതിപക്ഷ മഹാറാലി. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാറാലിയില്‍ ഇരുപതിലേറെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും ബി.ജെ.പി വിമതരും പങ്കെടുത്തു.
മോദി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ പൂര്‍വ സ്ഥിതിയിലാക്കുന്നതായിരിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സി.ബി.ഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്‍ടറേറ്റുമാണ് മോദിയുടെ സഖ്യകക്ഷികളെന്നായിരുന്നു റാലിയില്‍ പങ്കെടുത്ത് സംസാരിച്ച അഖിലേഷ് യാദവിന്റെ പരിഹാസം. മോദിയും അമിത്ഷായും രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നുവെന്ന് അരവിന്ദ് കെജ്‍രിവാളും ആരോപിച്ചു.
പൊതു തെരഞ്ഞെടുപ്പിന് മുന്നേ പ്രതിപക്ഷ ഐക്യം ഊട്ടി ഉറപ്പിച്ചാണ് കൊല്‍ക്കത്തയില്‍ യുണൈറ്റഡ് ഇന്ത്യ റാലിക്ക് തുടക്കമായത്. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ ഇരുപതിലധികം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. നരേന്ദ്ര മോദിക്ക് എതിരായല്ല ഒരാശയത്തിന് എതിരായ പോരാട്ടമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു. ശരത് യാദവ്, അരുണ്‍ ഷൂറി, ഹേമന്ദ് സോറന്‍, ഹര്‍ദ്ദിക് പട്ടേല്‍, ജിഗ്ന്വേഷ് മേവാനി തുടങ്ങിയവരും റാലിയില്‍ സംസാരിച്ചു.