ട്വിറ്ററിനെ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ നശിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൻെറ സർക്കാറിനെതിരെയും ഇതേ നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മമത വിമര്‍ശിച്ചു. ‘ഞാൻ ഇതിനെ അപലപിക്കുന്നു.
കേന്ദ്രത്തിന് ട്വിറ്ററിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അതിനാൽ അവർ ഭയപ്പെടുത്തി ഉപദ്രവിക്കുകയാണ്. നിയന്ത്രിക്കാൻ കഴിയാത്ത എല്ലാവരെയും അവര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. അവർക്ക് എന്നെ നിയന്ത്രിക്കാൻ കഴിയില്ല. അതിനാലാണ് എൻെറ സർക്കാറിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്,’ മമത പറഞ്ഞു.
ബംഗാളിലുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച ബി.ജെ.പിയുടെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്ത് ഇപ്പോൾ രാഷ്ട്രീയ അക്രമങ്ങളൊന്നും നടക്കുന്നില്ല. ഒന്നോ രണ്ടോ സംഭവങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ, അവ രാഷ്ട്രീയ അക്രമ സംഭവങ്ങളായി മുദ്രകുത്താനാവില്ലെന്നും മമത വ്യക്തമാക്കി. ഐടി നിയമത്തിലെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പേരിൽ ട്വിറ്ററുമായി ഇടഞ്ഞു നിൽക്കുകയാണ് കേന്ദ്ര സർക്കാർ.
റസിഡൻസ് ഗ്രീവൻസ് ഓഫീസർ, നോഡൽ ഓഫീസർ, ചീഫ് കംപ്ലൈൻസ് ഓഫീസർ എന്നീ പദവികളിൽ എക്സിക്യൂട്ടീവുകളെ നിയമിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടെന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം ആരോപിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ട്വിറ്റർ മനപൂർവം വീഴ്ച വരുത്തിയതിനാൽ ഐടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം സോഷ്യൽ മീഡിയകൾക്ക് ലഭിക്കുന്ന പരിരക്ഷ നൽകാനാവില്ലെന്നാണ് മന്ത്രാലയം പറയുന്നത്.