സിലിഗുഡി: ഇന്ത്യയെ എപ്പോഴും പാകിസ്താനുമായി താരതമ്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന്റെ അംബാസഡറാണോ എന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സിലിഗുഡിയിൽ പൗരത്വ ഭേദഗതി ബില്ലിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ മെഗാ റാലിയിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം ചോദിച്ചത്.
മാത്തുവ വംശജർക്ക് പൗരത്വം നൽകുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അവർ ഇപ്പോൾ തന്നെ പൗരന്മാരാണ്. പലതവണ വോട്ട് ചെയ്തവരാണ് അവർ. നിലവിൽ പൗരത്വമുള്ളവർ വീണ്ടും പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തിനാണ്? – മമത ചോദിച്ചു. വോട്ടേഴ്‌സ് ലിസ്റ്റിൽ എല്ലാവരും പേര് ചേർക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ബി.ജെ.പി നേതാക്കൾ പരസ്പരവിരുദ്ധമായി സംസാരിച്ച് മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കുന്നു. എൻആർസി രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ഒരു മന്ത്രി പറയുന്നു, മറ്റൊരു മന്ത്രി അത് നിഷേധിക്കുന്നു. വോട്ടർമാരുടെ ഐഡി കാർഡ്, പാൻ കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകളൊന്നും പൗരത്വത്തിന്റെ സാധുവായ തെളിവല്ലെന്ന് അവർ പറയുന്നു. – മമത കൂട്ടിച്ചേർത്തു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാരെ കൊല്ലുകയാണ്. ഡൽഹിയിലും ഉത്തർപ്രദേശിലും വിദ്യാർത്ഥികളെ പീഡിപ്പിച്ചു. മരിച്ച പ്രതിഷേധക്കാരുടെ കുടുംബങ്ങൾക്ക് കർണാടക മുഖ്യമന്ത്രി ധനസഹായം വാഗ്ദാനം ചെയ്‌തെങ്കിലും പിന്നീട് വാക്കുമാറ്റി കൊല്ലപ്പെട്ടവരെ കുറ്റവാളികളെന്ന് മുദ്രകുത്തി. തൃണമൂൽ ഒരു ‘പാവം’ പാർട്ടിയാകാം, പക്ഷേ ഞങ്ങൾ അവരെ സഹായിക്കും. – മമത പറഞ്ഞു.
ജനുവരി 9-ന് ബറസാത്ത മുതൽ മധ്യംഗ്രാം വരെ റാലി നടത്തുമെന്നും ജനുവരി 22-ന് കൊൽക്കയിൽ വൻ പ്രതിഷേധറാലി സംഘടിപ്പിക്കുമെന്നും മമത വ്യക്തമാക്കി.