പശ്ചിമ ബംഗാളിലെ പ്രചാരണ സമയം വെട്ടിക്കുറച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പി വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. സത്യം പറഞ്ഞതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറാണെന്നും മമത പറഞ്ഞു.
ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് രാത്രി 10 മണിക്ക് അവസാനിക്കും. വ്യാപകമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അസാധാരണ ഉത്തരവിലൂടെ പ്രചാരണ സമയം വെട്ടിക്കുറക്കുകയായിരുന്നു.
ബംഗാളില്‍ പ്രചാരണ സമയം വെട്ടിക്കുറച്ചതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷവും രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. ഇന്ന് മോദി ബംഗാളില്‍ രണ്ട് റാലികൾ നടത്തുന്നുണ്ട്. മോദിയുടെ റാലി അവസാനിക്കാന്‍ വേണ്ടിയാണ് പ്രചാരണ സമയം ഇന്ന് രാത്രി 10 എന്ന് തീരുമാനിച്ചതെന്നും സുര്‍ജെവാലെ വിമര്‍ശിച്ചു.
അമിത് ഷായുടെ റാലിക്കിടെ ബംഗാളിൽ ബി.ജെ.പി ഗുണ്ടകൾ വിദ്യാസാഗർ പ്രതിമ തകർത്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കുന്നില്ല. അമിത് ഷാക്ക് മുന്നിൽ കമ്മീഷൻ ഭയന്ന് നിൽക്കുന്നു. റോഡ് ഷോക്കിടെ നടന്ന അക്രമങ്ങൾക്ക് അമിത് ഷാ തന്നെയാണ് നേതൃത്വം നൽകിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.