തന്റെ വിമാനക്കമ്പനിയായ കിങ്ഫിഷർ എയർലൈൻസ് തകരാൻ കാരണം സർക്കാർ നയങ്ങളായിരുന്നുവെന്നാണ് വിജയ് മല്ല്യയുടെ ആരോപണം.
പൊതുമേഖലാ ബാങ്കുകളിൽ നിന്നെടുത്ത ലോണുകൾ പൂർണമായി തിരിച്ചടച്ചാൽ തനിക്കെതിരായ കേസുകൾ അവസാനിപ്പിക്കണമെന്ന തന്റെ ആവശ്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാറിനോട് മദ്യരാജാവ് വിജയ് മല്ല്യ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള 20 ലക്ഷം കോടിയുടെ കേന്ദ്ര പാക്കേജിനെ അഭിനന്ദിച്ചുകൊണ്ടാണ് മല്ല്യ, രാജ്യത്തേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളിൽ നിന്നെടുത്ത നൂറു ശതമാനം ലോണും തിരിച്ചടക്കാൻ തയ്യാറാണെന്ന് അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി.
Congratulations to the Government for a Covid 19 relief package. They can print as much currency as they want BUT should a small contributor like me who offers 100% payback of State owned Bank loans be constantly ignored ? Please take my money unconditionally and close.
— Vijay Mallya (@TheVijayMallya) May 14, 2020
പ്രമുഖ ബിയർ ബ്രാൻഡായ കിങ്ഫിഷറിന്റെയും പ്രവർത്തനം നിലച്ച കിങ്ഫിഷർ എയർലൈൻസിന്റെയും തലവനായിരുന്ന വിജയ് മല്ല്യ 9,000 കോടി രൂപയുടെ കടബാധ്യതയുമായി 2016-ലാണ് രാജ്യംവിട്ട് ലണ്ടനിലെത്തിയത്. മല്ല്യയെ അറസ്റ്റ് ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.
തന്റെ വിമാനക്കമ്പനിയായ കിങ്ഫിഷർ എയർലൈൻസ് തകരാൻ കാരണം സർക്കാർ നയങ്ങളായിരുന്നുവെന്നാണ് വിജയ് മല്ല്യയുടെ ആരോപണം. കമ്പനിയെ രക്ഷിക്കാൻ തങ്ങൾ കഠിനമായി പരിശ്രമിച്ചെങ്കിലും സർക്കാറിന്റെ നയപരമായ പിന്തുണയില്ലാത്തതിനാലാണ് അടച്ചുപൂട്ടേണ്ടി വന്നതെന്നും അദ്ദേഹം ഇന്നലെ ആരോപിച്ചിരുന്നു.