India National

ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടി രണ്ട് മലയാളികള്‍

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നിരവധി മലയാളികള്‍ മത്സരിച്ചെങ്കിലും മിന്നുന്ന വിജയം കൊണ്ട് സാന്നിധ്യം ഉറപ്പിച്ചത് രണ്ട് പേര്‍ മാത്രം. മികച്ച ഭൂരിപക്ഷത്തില്‍ എന്‍.എസ്.യു.ഐ കൗണ്‍സിലറായ വിഷ്ണു പ്രസാദ് കെ. രണ്ടാം തവണയും വിജയമുറപ്പിച്ചത് തന്റെ കഠിനാധ്വാനത്താലാണ്. കന്നിയങ്കത്തില്‍ വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഡി.എസ്.എഫിന്റെ അനഘ പ്രദീപ്.

മത്സര രംഗത്തുണ്ടായിരുന്ന ഏഴ് മലയാളികളില്‍ വിജയിച്ചത് രണ്ട് പേര് മാത്രം. രണ്ടാം തവണയും കൗണ്‍സിലര്‍ സ്ഥാനം നിലനിര്‍ത്തിയ എന്‍.എസ്.യു.ഐയിന്റെ വിഷ്ണു പ്രസാദ് വിജയിച്ചതാകട്ടെ ഏറ്റവും കൂടുതല്‍ വോട്ട് നേടി.

കണ്ണൂര്‍ സ്വദേശിയായ അനഘ പ്രദീപാണ് വിജയിച്ച മറ്റൊരു മലയാളി സ്ഥാനാര്‍ഥി. ജെ.എന്‍.യുവില്‍ കന്നിയങ്കത്തില്‍ വിജയിക്കാനായതിന്റെ സന്തോഷത്തിലാണ് ഡി.എസ്.എഫ് പ്രവവര്‍ത്തകയായ അനഘ പ്രദീപ്. ജെ.എന്‍.യുവിന്റെ ജനാധിപത്യ സ്വഭാവമാണ് തന്റെ വിജയത്തിന് കാരണമെന്നാണ് അനഘയുടെ പക്ഷം. ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ഹിന്ദി ഭാഷക്കും മേല്‍ക്കൈ നിലനില്‍ക്കെയാണ് ഭാഷയുടെ പരിമിതി മറികടന്ന് ഇരുവരും ഈ നേട്ടം കരസ്ഥമാക്കിയത്.