India National

മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്‍ഹാസന്‍

ലോക്സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അധ്യക്ഷന്‍ കമല്‍ഹാസന്‍. മുന്നണി സംവിധാനത്തില്‍ വിശ്വാസമില്ലെന്നും ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു. ഒറ്റയ്ക്ക് മത്സരിക്കുകയെന്ന പ്രഖ്യാപനം കമലിന് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും മത്സരിക്കും. തെരഞ്ഞെടുപ്പ് ഒരുക്കളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ കരുത്ത് എല്ലാവര്‍ക്കും മനസിലാകുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. ഇതിനെയെല്ലം തള്ളിക്കൊണ്ടാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

നിലവില്‍ ജനങ്ങളുടെ അഭിപ്രായം തേടുന്നതിന്റെ ഭാഗമായി മധുരയിലെ വിവിധ മേഖലകളില്‍ പര്യടനത്തിലാണ് കമല്‍ഹാസന്‍. രാഷ്ട്രീയത്തിലെ പരിചയക്കുറവാണ് കമല്‍ഹാസന്‍ ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ കാരണമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ഇത് തിരിച്ചടിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിജയകാന്തിന്റെ ഡി.എം.ഡി.കെയെ പോലെ ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് തെളിയിക്കുകയാണ് കമല്‍ഹാസന്റെ ലക്ഷ്യമെന്നാണ് സൂചന‍.