India National

സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്തി ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിതല ചര്‍ച്ച

മേജര്‍ ജനറല്‍തല ച൪ച്ചയും പുനരാരംഭിച്ചു. ഇരുരാജ്യങ്ങളും റഷ്യയുടെ മധ്യസ്ഥതയില്‍ ജൂണ്‍ 22ന് യോഗം ചേരും

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്തി ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിതല ചര്‍ച്ച. മേജര്‍ ജനറല്‍തല ച൪ച്ചയും പുനരാരംഭിച്ചു. ഇരുരാജ്യങ്ങളും റഷ്യയുടെ മധ്യസ്ഥതയില്‍ ജൂണ്‍ 22ന് യോഗം ചേരും. മൂന്ന് രാഷ്ട്രങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ചേരുന്ന യോഗത്തിലാകും അതിര്‍ത്തി സംഘര്‍ഷവും ചര്‍ച്ചയാവുക.

അതിർത്തിയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ പുനരാരംഭിച്ച ചർച്ചകൾ മേജർ തലത്തിലാണ് മുന്നോട്ടു പോകുന്നത്. ഇരു രാജ്യങ്ങളുടെയും സൈനികർ മുഖാമുഖം വരുന്നത്ത് ഒഴിവാക്കാനും ചൈന ഇപ്പോഴും പിൻവാങ്ങിയിട്ടില്ലാത്ത ഗാൽവാൻ മേഖലയിലെ പോസ്റ്റുകളിൽ നിന്ന് പിന്നാക്കം പോകുന്നതുമായും ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നത്. അതിർത്തിയിൽ സമാധാനം പുനസ്ഥാപിക്കാൻ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ടെലിഫോണിലൂടെ നടത്തിയ സംഭാഷണത്തിൽ ധാരണയിലെത്തിയിരുന്നു. ഇതിനിടെ റഷ്യ വിളിച്ചു ചേർത്ത റിക് ഉച്ചകോടിയിൽ ചൈനയോടൊപ്പം ഇന്ത്യ പങ്കെടുത്തേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഉച്ചകോടി വിളിക്കുന്നതെങ്കിലും ഇന്ത്യാ ചൈനാ അതിർത്തി തർക്കവും വിഷയമാകുമെന്നാണ് സൂചന.

ഇരു രാജ്യങ്ങളും റഷ്യയുടെ മധ്യസ്ഥതയിൽ വിഷയം ചർച്ച ചെയ്യുന്നതിന്‍റെ നയതന്ത്ര പ്രാധാന്യവും ഏറെയാണ്. അതിർത്തിയുടെ ഇരു പുറത്തും സൈനിക വിന്യാസം ശക്തമാണെങ്കിലും ഗൽ വാൻ താഴ്‌വരയിലെ ഏറ്റമുട്ടൽ ഒറ്റപ്പെട്ട സംഭവമായി കണ്ട് സമാധാനം പുനസ്ഥാപിക്കാനുള്ള താൽപര്യമാണ് മേജർ തല ചർച്ചകളിലും വിദേശ കാര്യ മന്ത്രിമാരുടെ ടെലിഫോൺ സംഭാഷണത്തിലും ഇന്ത്യയും ചൈനയും മുന്നോട്ടു വെച്ചത്. എന്നാൽ താഴെ തട്ടിലെ സൈനികർ നടത്തുന്ന ആക്രമണങ്ങൾ ഒഴിവാക്കണമെന്ന് ചൈന നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. ഗാൽവാൻ താഴ് വരയിലെ അവകാശവാദം ഉപേക്ഷിച്ച് ചൈന നിയന്ത്രണ രേഖക്ക് മറുപുറത്തേക്ക് പിൻവാങ്ങണമെന്ന ആവശ്യം ഇന്ത്യയും ഉന്നയിച്ചിട്ടുണ്ട്.